Share this Article
ഗുരുവായൂരില്‍ സ്ത്രീയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു
In Guruvayur, a woman was attacked and gold necklaces were stolen

ഗുരുവായൂരില്‍ വ്യാപാരിയായ സ്ത്രീയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്‌സ് ഉടമ പേരകം സ്വദേശി  64 വയസ്സുള്ള രത്‌നവല്ലിയുടെ താലിമാലയാണ്  കവര്‍ന്നത്. മോഷ്ടാവിനായി ടെമ്പിള്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി .ഇന്ന് പുലര്‍ച്ചെ നാലോടെ  ഗാന്ധിനഗറിലുള്ള നഗരസഭയുടെ മിനി മാര്‍ക്കറ്റിനു മുന്നില്‍ ആയിരുന്നു സംഭവം.

രത്‌നവല്ലി പുലര്‍ച്ചെ കട തുറക്കാനായി നടന്നു പോവുകയായിരുന്നു. മുഖം മറച്ച് പുറകിലെത്തിയ മോഷ്ടാവ് രത്‌നവല്ലിയെ കടന്നുപിടിച്ച് വായ പൊത്തി. കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കയ്യിലുണ്ടായിരുന്ന തുണി രത്‌നവല്ലിയുടെ മുഖത്തേക്കിട്ട് തള്ളിയിട്ടു. ഇതിനിടെ രത്‌നവല്ലിയുടെ മാല വലിച്ചു പൊട്ടിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. റോഡില്‍ വീണു കിടക്കുന്നതിനിടെ മോഷ്ടാവിന്റെ കാലില്‍ പിടുത്തമിട്ടെങ്കിലും കുതറി രക്ഷപ്പെടുകയായിരുന്നുവെന്ന് രത്‌നവല്ലി പറഞ്ഞു. വീഴ്ചയില്‍ തലപൊട്ടിയ  രത്നയെ  വലിയ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . ടെമ്പിള്‍ പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു. മേഖലയിലെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories