മലപ്പുറം: നവകേരള ബസ്സിന് നേർക്കുള്ള യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ കരിങ്കോടി കാണിച്ചവരെ താൻ കൈവീശിക്കാണിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ വണ്ടിയുടെ മുന്നിൽ ചാടി ജീവന്‍ കളയാന്‍ നോക്കരുതെന്നും പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നു. കരിങ്കൊടി കാണിക്കുന്നതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണ്. ഞങ്ങള്‍ക്ക് അതില്‍ പ്രശ്‌നമൊന്നുമില്ല. ഞങ്ങള്‍ പറഞ്ഞതെന്താ, വെറുതെ ബസ്സിന്റെ മുന്‍പില്‍ ചാടി ജീവന്‍ കളയാന്‍ നോക്കരുത്. ആ ബസിന്റെ മുന്നില്‍ ചാടുന്നത് കണ്ടപ്പോള്‍ ചിലര്‍ അവരെ തള്ളിമാറ്റി. അല്ലെങ്കില്‍ അപകടം പറ്റും. അത് മാതൃകാപരമായ നടപടി അല്ലേ.- മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് കാലത്തെ ഇങ്ങോട്ട് വരുമ്പോള്‍ രണ്ടു മൂന്നാളുകള്‍ കറുത്തകൊടി വീശി. ഞാനും അവരുടെ നേര്‍ക്ക് കൈവീശി. നടന്നോട്ടെ, ഞങ്ങള്‍ക്കെന്താ. നിങ്ങളെ ജനങ്ങള്‍ വിലയിരുത്തുകയല്ലേ. ഞങ്ങള്‍ക്കെന്താ അതുകൊണ്ട്. നിങ്ങള്‍ ഈ ബസിന്റെ മുന്നില്‍ച്ചാടി ജീവഹാനി വരുത്താന്‍ ശ്രമിച്ചതിനെ ആണല്ലോ ഞങ്ങള്‍ തള്ളിപ്പറഞ്ഞത്. മറ്റേത് നിങ്ങള്‍ നടത്തിക്കോ. നിങ്ങള്‍ കൂടുതല്‍ തുറന്നുകാണിക്കപ്പെടും. നിങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടും.- പിണറായി വിജയൻ കൂട്ടിച്ചേർത്തു.