ഇടുക്കി വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകർഷണമായ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് ഒരു മാസം കഴിഞ്ഞു.കഴിഞ്ഞ മെയ് 30 ന് മോശം കാലാവസ്ഥയെ തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് ഗ്ലാസ് ബ്രിഡ്ജ് അടക്കാൻ കാരണം. കാലാവസ്ഥ അനുകൂലമായിട്ടും ഇതുവരെയും ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി ആയിട്ടില്ല.
വാഗമൺ അഡ്വഞ്ചർ പാർക്കിൻ്റെ ഭാഗമായ ഗ്ലാസ് ബ്രിഡ്ജിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.കണ്ണാടിപ്പാലം വന്ന ശേഷം വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു ലക്ഷങ്ങളുടെ വരുമാനവും ഡി ടി പി സി ക്ക് നേടാനായി . ഇപ്പോൾ ഒരു മാസത്തിലധികമായി ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയാണ്. ഇതോടെ അഡ്വഞ്ചർ പാർക്കിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുന്നു.
മെയ് 30ന് മോശം കാലാവസ്ഥയെ തുടർന്നാണ് സംസ്ഥാന ടൂറിസം വകുപ്പ് ഗ്ലാസ് ബ്രിഡ്ജ് അടക്കമുള്ള സാഹസീക വിനോദ ഉപാധികൾ നിർത്തി വയ്ക്കാൻ ഉത്തരവിറക്കിയത്. ഇതിനുശേഷം കാലാവസ്ഥ അനുകൂലമായതോടെ ഗ്ലാസ് ബ്രിഡ്ജ് ഒഴികെയുള്ള മറ്റു സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുവാൻ അനുമതി നൽകി. ഗ്ലാസ് ബ്രിഡ്ജ് അടച്ചതോടെ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ വരവിലും കുറവുണ്ടായിട്ടുണ്ട് .ഇത് പ്രദേശത്തെ വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.