Share this Article
സ്മൃതിപഥത്തിൽ അഗ്നി ഏറ്റുവാങ്ങി; എം.ടി. ഓർമകളിൽ, ചരിത്രത്തില്‍ ജ്വലിച്ച് നിൽക്കും
വെബ് ടീം
18 hours 58 Minutes Ago
15 min read
MT

കോഴിക്കോട്: കാലാതീതനായ മലയാളത്തിന്റെ മഹാപ്രതിഭയെ മാവൂര്‍ റോഡിലെ സ്മൃതിപഥത്തിൽ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്‍ ഇനി 'സ്മൃതിപഥ'ത്തില്‍ അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ  കോടിക്കണക്കിനാളുകളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിച്ച് നിൽക്കും. ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് 5 മണിയോടെയായിരുന്നു സംസ്കാരം.

കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതാരയില്‍ 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്‍ റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്‍ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എത്തിയിരുന്നു.

അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ 'സിതാര' വീട്ടിലേക്ക് ആയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.


മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, വി അബ്ദുറഹിമാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ മാസ്റ്റർ  , ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈലജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16 തിങ്കളാഴ്‌ച പുലർച്ചെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ബുധനാഴ്‌ച വൈകീട്ട്‌ പത്തുമണിയോടെയായിരുന്നു അന്ത്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories