തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഒറ്റത്തന്ത പ്രസംഗത്തിൽ സിപിഐഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.
ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തൃശൂര്‍ പൂരം കലക്കിയതിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. 'പൂരം കലക്കൽ നല്ല ടാഗ് ലൈൻ ആണ്. പൂരം കലക്കലിൽ സിബിഐയെ ക്ഷണിച്ചു വരുത്താൻ തയാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവർ അതിന് തയാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാൻ തയ്യാറാണ്. മുൻ മന്ത്രി ഉൾപ്പെടെ അന്വേഷണം നേരിടാൻ യോഗ്യരായി നിൽക്കേണ്ടി വരും', സുരേഷ് ഗോപി പറഞ്ഞു.
സംഭവം ചർച്ചയായതോടെ വിശദീകരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. താൻ ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.