കാസർകോട്ട് ഡിവൈഎഫ്ഐ വനിതാ നേതാവ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ പരാതികൾ. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായാണ് വിവരം.സച്ചിത റൈക്കെതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് കുമ്പള പൊലീസ്.
കാസർഗോഡ് സ്വദേശിനിയും മഞ്ചേശ്വരത്തെ സ്കൂൾ അധ്യാപികയുമാണ് സച്ചിതാ റൈ.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്.കിദൂർ സ്വദേശി നിഷ്മിത ഷെട്ടിയുടെ കൈയ്യിൽ നിന്ന് മാത്രം പതിനഞ്ച് ലക്ഷം രൂപയാണ് മേടിച്ചത്. ജി എസ് ടി അടക്കം ഈടാക്കിയായിരുന്നു ഇവരിൽ നിന്ന് പണം തട്ടിയെടുത്തത്. പലതവണയായാണ് പണം കൈമാറിയത്.പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കതെ വന്നതോടെ സിപിസിആർഐയിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റിയംഗവും ബാലസംഘം മുൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ് സച്ചിത. ആരോപണത്തിന് പിന്നാലെ സച്ചിത റൈ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഐഎം പുറത്താക്കിയിട്ടുണ്ട്.സമാന രീതിയിൽ പലരിൽ നിന്നായി സച്ചിത പണം തട്ടിയെടുത്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പലരുംനേരിട്ടാണ് പണം നൽകിയത് ഇതിനാകട്ടെ തെളിവില്ല.സംഭവം പുറത്തായ പിന്നാലെ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ തന്നെ കർണ്ണാടകയിലെ ചിലർ വഞ്ചിച്ചതാണെന്നും തനിക്കും പണം നഷ്ടമായിട്ടുണ്ടെന്നുമാണ് സച്ചിതയുടെ വിശദീകരണം. മെട്രനിറ്റി ലീവിൽ തുടരുന്ന ഇവരെ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കാസർകോട് ജില്ലാ സെക്ഷൻ കോടതിയുടെ വിധി.