എറണാകുളം പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനി അല്‍ക്ക അന്ന ബിനുവാണ് (19) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അല്‍ക്കയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഇരിങ്ങോല്‍ സ്വദേശി ബേസിലാണ് വീട്ടില്‍ കയറി അല്‍ക്കയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ പരിചയക്കാരായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ ഉണ്ടായ അകല്‍ച്ചയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലച്ചോറിന് ഉണ്ടായ മാരകമായ മുറിവും അമിതമായ രക്തസ്രാവവും ന്യൂമോണിയയുമാണ് അല്‍ക്കയുടെ മരണ കാരണം. ഇന്നലെ വൈകീട്ടോടെ അല്‍ക്കയുടെ തലച്ചോറില്‍ നീര്‍ക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയുധവുമായാണ് യുവാവ് അൽക്കയുടെ വീട്ടിലെത്തിയത്. പിന്നാലെ പെൺകുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അൽക്കയുടെ തലയ്ക്കും കഴുത്തിനുമാണ് ആഴത്തിൽ വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ മുത്തശ്ശിയ്ക്കും മുത്തശ്ശനും വെട്ടേറ്റിരുന്നു.