പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിലെത്തിയ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടു.
വിവരമറിഞ്ഞ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രമധ്യേ ബീന കുഞ്ഞിന് ജന്മം നല്‍കി. കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.