Share this Article
വിമതര്‍ക്ക് അന്ത്യശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത
latest news from angamaly

എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ വൈദികർക്ക് അന്ത്യശാസനവുമായി സീറോ മലബാർ സഭാ നേതൃത്വം. ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ വൈദികരെ പുറത്താക്കുമെന്ന് മേജർ ആർച്ച് ബിഷപ്പിന്റെ സർക്കുലർ. എന്നാൽ നിർദേശം തള്ളി വിമത വൈദികരും അൽമായ മുന്നേറ്റവും രംഗത്തെത്തി.

ഏകീകൃത കുർബാന നടപ്പാക്കണമെന്ന നിലപാട് കടുപ്പിക്കുകയാണ് സീറോ മലബാർ സഭാ നേതൃത്വം. സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന വേണമെന്നാണ് നിർദേശം. നിർദേശം ലംഘിക്കുന്ന വൈദികരെ ഒരു മുന്നറിയിപ്പ് പോലുമില്ലാതെ പുറത്താക്കുമെന്നും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സർക്കുലറിൽ പറയുന്നു.

നടപടി നേരിടുന്ന വൈദികർ നടത്തുന്ന വിവാഹങ്ങൾ അസാധുവാകുമെന്ന് വിശ്വാസികൾക്കും മുന്നറിയിപ്പ്. സർക്കുലർ അടുത്ത ഞായറാഴ്‍ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദേശമുണ്ട്. മേജർ ആർച്ച് ബിഷപ്പ് അടക്കമുള്ളവർ കഴിഞ്ഞ ദിവസം വത്തിക്കാനിൽ പോയി മാർപാപ്പയെ കണ്ടിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കുലർ ഇറക്കിയത്. എന്നാൽ സർക്കുലർ കൊടും ചതിയെന്ന് വിമത വിഭാഗം വൈദികർ പറയുന്നു. മാർപാപ്പ പറഞ്ഞതിന് ഘടകവിരുദ്ധമാണ് സർക്കുലർ. ഈ വെള്ളിയാഴ്ച സിനഡ് ചേരാനിരിക്കെ ഇത്തരമൊരു സർക്കുലർ ഇറക്കിയത് എന്തിനെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ ചോദിച്ചു.

നിലപാടിൽ നിന്ന്  പിന്നോട്ടില്ലെന്ന് അൽമായ മുന്നേറ്റവും പ്രഖ്യാപിച്ചു. സർക്കുലർ തികഞ്ഞ അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ  പറഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത വിധം സഭാ നേതൃത്വം നിലപാട് കടുപ്പിക്കുമ്പോൾ ഒരിടവേളയ്ക്ക് ശേഷം കുർബാന തർക്കം വീണ്ടും ശക്തമാവുകയാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories