പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ദേശാടന പക്ഷികള്‍ ചത്തു വീഴുന്നത് മാവേലിക്കര മാന്നാര്‍ സംസ്ഥാനപാതയിലെ ചെന്നിത്തല ഗ്രാമപഞ്ചായത്തിനെ ഭീതിയിലാക്കുന്നു. പക്ഷികളുടെ കാഷ്ടം വീണ് ഇരു ചക്രവാഹനക്കാരും കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം ജാഗ്രത പുലര്‍ത്തുമ്പോള്‍ മരത്തില്‍ ചേക്കേറിയ ദേശാടനപക്ഷികള്‍ ചത്ത് വീഴുന്നത് ചെന്നിത്തല ഗ്രാമത്തിനെ ഭീതിയിലാക്കുന്നു. മാവേലിക്കര-മാന്നാര്‍ സംസ്ഥാനപാതയില്‍ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ കല്ലുംമൂട് ജംഗ്ഷന് വടക്കുവശം റോഡിന്റെ പടിഞ്ഞാറു വശത്തുളള രണ്ടു വൃക്ഷങ്ങളിലായി നൂറു കണക്കിന് ദേശാടനപക്ഷികളാണ് ചേക്കേറിയിരിക്കുന്നത്.
ഇവയുടെ കാഷ്ടം വീണ് ഇരു ചക്രവാഹനക്കാരും കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. കല്ലുംമൂട് ജംഗ്ഷനും മഹാത്മാ സ്‌കൂളിനും മദ്ധ്യേയുളള റോഡ് കാഷ്ടം വീണ് വെളുത്ത് കിടക്കുകയാണ്. പക്ഷികളുടെ കാഷ്ടം മൂലം കടകളിലേക്ക് എത്താന്‍ ഉപഭോക്താക്കള്‍ മടിക്കുന്നത് കൊണ്ട് സമീപത്തുളള വ്യാപാരികളും ഏറെ കഷ്ടത്തിലാണ്.
ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെന്നിത്തല - തൃപ്പെരുന്തുറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള ആലപ്പുഴ ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.എന്നാല്‍ പരാതിയില്‍ നടപടിയെടുത്ത് അപേക്ഷകനെ അറിയിക്കാനും കളക്ട്രേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് കളക്ടര്‍ ആവശ്യപ്പെട്ടെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.
പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ പക്ഷികള്‍ ചത്ത് വീഴുന്നത് ഇവിടത്തെ ജനങ്ങളെ ഭീതിയിലാക്കുന്നു.വിഷയം ജില്ലാഭരണകൂടത്തിന്റെയും, മറ്റ് അധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദിപു പടകത്തില്‍ പറഞ്ഞു.