Share this Article
തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിൽ അപകടകരമായ സ്‌കേറ്റിങ്; ഓട്ടോറിക്ഷയില്‍ പിടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയില്‍
വെബ് ടീം
posted on 17-12-2024
1 min read
skating

തൃശ്ശൂര്‍: നഗരത്തില്‍ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് ചെയ്തയാള്‍ പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് പിടികൂടിയത്.

ഡിസംബര്‍ 11നാണ് തൃശൂര്‍ നഗരമധ്യത്തില്‍ യുവാവിന്റെ അഭ്യാസം. തിരക്കേറിയ സ്വരാജ്‌റൗണ്ടിലെ അഭ്യാസം ഞെട്ടിക്കുന്നതായിരുന്നു. ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ട് സ്‌കേറ്റിങ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാള്‍ കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. 

തിരക്കേറിയ പകല്‍സമയത്ത് സ്വരാജ് റൗണ്ടില്‍ ബസ്സുകള്‍ക്കിടയിലൂടെയും മറ്റുമായിരുന്നു ഇയാളുടെ കൈവിട്ട അഭ്യാസപ്രകടനം. 25 കാരനായ ഇയാളെ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല.ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. 

തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് വീണ്ടും സ്വരാജ് റൗണ്ടിലൂടെ സ്‌കേറ്റ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞദിവസം പുതുക്കാട് സര്‍വീസ് റോഡില്‍ ഇയാള്‍ സ്‌കേറ്റ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. കലൂരിലുള്ള സഹോദരനെ കാണാന്‍ ആറു ദിവസം മുമ്പാണ് സ്‌കേറ്റിങ് നടത്തി മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത്. പൊതു ജനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories