സഹകരണ സംഘത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. പത്തനംതിട്ട തട്ടയില്‍ അഗ്രികള്‍ച്ചറല്‍ ഇപ്രൂവ്‌മെന്റ് സഹകരണ സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ചാണ് പതിനൊന്നോളം പേര്‍ രംഗത്ത് വന്നത്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും തങ്ങളുടെ നഷ്ടപെട്ട പണം തിരികെ ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
പത്തനംതിട്ട തട്ടയില്‍ മാമ്മൂട് സ്വദേശി വിശാഖ് കുമാര്‍ എന്ന വൈശാഖന്‍ പ്രസിഡന്റായ പത്തനംതിട്ട തട്ടയില്‍ അഗ്രികള്‍ച്ചറല്‍ ഇപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. രണ്ടായിരത്തി പതിനഞ്ച് മുതല്‍ പണം നഷ്ടമായവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരില്‍ നിന്നും ലക്ഷങ്ങളാണ് സഹകരണ സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വിശാഖ് കുമാര്‍, ഭാര്യ ശ്രീകല സഹകരണ സംഘത്തിലെ ജീവനക്കാരി ബീനരാജ് എന്നിവര്‍ തട്ടിയത് എന്ന് പരാതിക്കാര്‍ പറയുന്നു..
പണം തട്ടിയെന്ന് ആരോപിക്കുന്ന വൈശാഖന്‍ പന്തളം തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. ഓരോരുത്തരുമായും നല്ല ബന്ധമുണ്ടാക്കിയ ശേഷമാണ് ഇയാള്‍ പണം തട്ടിയതെന്നും ഇപ്പോഴും നിരവധിയാളുകള്‍ വഞ്ചിക്കപെട്ടുകൊണ്ട് ഇരിക്കുകയാണെന്നും പരാതിക്കാര്‍ പറയുന്നു.
പണം തിരികെ ചോദിച്ചാല്‍ ഇവര്‍ക്കെതിരെ പീഡനം അടക്കമുള്ള പരാതികള്‍ നല്‍കുന്ന സമീപനമാണ് വൈശാഖന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും പരാതിക്കാര്‍ പറയുന്നു.പണം നഷ്ടപെട്ട പതിനൊന്നോളം പേര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ പേര്‍ സഹകരണ സംഘത്തിന്റെ പേരില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.