കർക്കിടകം പിറന്നാൽ ആരോഗ്യ പരിപാലനത്തിനും രോഗപ്രതിരോധ ശേഷിക്കും ക്ഷേത്രങ്ങളും ആയൂർവേദ ആശുപത്രികളും കേന്ദ്രീകരിച്ച് ഔഷധ കഞ്ഞി വിതരണം നടത്തുന്നത് നമുക്ക് സുപരിചിതമാണ്. എന്നാൽ ഔഷധ കഞ്ഞിയുണ്ടാക്കുന്നതിൽ വേറിട്ട രീതികൊണ്ട് ശ്രദ്ധ നേടുകയാണ് തൃശൂർ തളി ചേലൂർ ദേവിച്ചിറ അന്തിമഹാകാളൻക്കാവ് ക്ഷേത്ര കമ്മറ്റി.
കടകളിൽ നിന്നും ആയുർവേദ ശാലകളിൽ നിന്നും ലഭിക്കുന്ന ഔഷധകൂട്ട് വാങ്ങിയാണ് സാധാരണ എല്ലായിടങ്ങളിലും ഔഷധ കഞ്ഞിയുണ്ടാക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി വനത്തിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന പച്ചമരുന്നുകൾ ഉപയോഗിച്ചാണ് തളി ചേലൂർ ദേവിച്ചിറ അന്തിമഹാകാളൻ കാവിൽ ഔഷധ കഞ്ഞിയുണ്ടാക്കി വിതരണം ചെയ്യുന്നത്.
ഇല്ലംക്കെട്ടി,കുറുന്തോട്ടി,പുത്തിരി ചുണ്ട,കാട്ടുമുല്ല, പെരുവിൻ വേര്, ഇടിഞ്ഞിൽ തോല്, പെരുങ്കട, നന്നാരി എന്നിവയാണ് ഔഷധകൂട്ടിലെ പ്രധാന മരുന്നുകൾ. ഇത് മുഴുവനും വനത്തിനുള്ളിൽ നിന്നാണ് ശേഖരിക്കുന്നത്.
ക്ഷേത്രം പൂജാരി രാമചന്ദ്രൻ, വിവിധ കമ്മറ്റി ഭാരവാഹികളായ നാരായണൻ മൂരിപ്പാറ, ഹരിദാസൻ കുറ്റിനിങ്ങാട്ട്, സ്മിത പരമേശ്വരൻ, ഗോപിനാഥൻ ചക്കാല, ഹേമലത ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള മാതൃസമിതിയാണ് വനത്തിൽ പോയി മരുന്ന് പറിക്കുന്നത്.
നൂറ് കിലോഗ്രാമിലും കൂടുതൽ പച്ചമരുന്നാണ് ഇവർ വനത്തിൽ നിന്നും ശേഖരിക്കുന്നത്.പിന്നീട് ഇവ 10 ദിവസത്തോളം വെയിലിൽ ഉണക്കി പൊടിച്ചാണ് മരുന്ന് കഞ്ഞിയുണ്ടാക്കുന്നത്...
മഞ്ഞൾ, ഉലുവ, മല്ലി, ജീരകം, ചതകുപ്പ, കടുക്, അയമോദകം എന്നിവയാണ് മരുന്ന് കഞ്ഞിയിലെ മറ്റു കൂട്ടുകൾ. ഇവയുടെ പൊടി വാങ്ങുന്നതിന് പകരം ഗുണമേന്മ കുറയാതിരിക്കാൻ ഇവ വാങ്ങി ഉണക്കി പൊടിച്ചാണ് കഞ്ഞിയിൽ ചേർക്കുന്നത്. ഉണങ്ങല്ലരി കൊണ്ടാണ് കഞ്ഞിയുണ്ടാക്കുന്നത്.
കർക്കിടകം 1 ന് ആരംഭിച്ച കഞ്ഞി വിതരണം കർക്കിടകം 10 വരെ തുടരും.കഴിഞ്ഞ 9 വർഷമായി ഇവർ ഇതരത്തിലാണ് ഔഷധ കഞ്ഞിയുണ്ടാക്കി വിതരണം ചെയ്യുന്നത്. ജാതി മത വ്യത്യാസമില്ലാതെ 500 ഓളം പേരാണ് ഔഷകഞ്ഞി വാങ്ങാൻ ദിവസവും ക്ഷേത്രത്തിലെത്തുന്നത്.