ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടന്നത് കല്യാണ മഹാമേളം.354 കല്യാണങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്ര ചരിത്രത്തിലാദ്യമായി ഒരേ ദിവസം നടന്നത്.വിവാഹ സംഘത്തിന്റെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങളും ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു.
സമയം പുലര്‍ച്ചേ 4 മണി .വധുവരന്‍മാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക മണ്ഡപത്തിലേക്ക് എത്തി തുടങ്ങി.പീന്നീടുള്ള മണിക്കൂറുകള്‍ ക്ഷേത്രം ഇതേവരെ കാണാത്ത രീതിയില്‍ നിരവധി ശുഭമുഹൂര്‍ത്തങ്ങള്‍, ഒത്തുചേരലിന്റെ നിമിഷങ്ങള്‍
ധീര്‍ഘകാല ദാമ്പത്യം സ്വപ്‌നം കണ്ട് ഊഴം കാത്ത് നിന്ന വധുവരന്‍മാര്‍ ഗുരുവായൂര്‍ കണ്ണനെ സാക്ഷിയാക്കി വരണമാല്യമണിഞ്ഞു.കല്യാണങ്ങളുടെ എണ്ണം സംബദ്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടായപ്പോള്‍ തന്നെ രാവും പകലുംമെന്നില്ലാതെ കല്യാണം നീളുമെന്നുറപ്പായിരുന്നു
ചിങ്ങമാസത്തിലെ ചോതി നക്ഷത്രമെന്നതും ഓണത്തിന് മുന്നേയുള്ള ആദ്യ ഞായറാഴ്ച്ച എന്നതും ഇന്നത്തെ ദിവസം പ്രത്യേകതയുള്ളതാക്കുന്നു.കല്യാണങ്ങളുടെ എണ്ണം അനുസരിച്ച് നിലവിലുള്ള നാല് മണ്ഡപങ്ങള്‍ക്ക് പുറമേ രണ്ട് മണ്ഡപങ്ങള്‍ കൂടി സജ്ജീകരിച്ചായിരുന്നു വിവാഹം.
താലിക്കെട്ട് നിര്‍വഹിക്കാന്‍ ആറ് ക്ഷേത്രം കോയ്മമാരും മംഗളവാദ്യ സംഗവും കൂടെയായപ്പോള്‍ വിവാഹം കെങ്കേമം, വധൂവരന്‍മാര്‍ക്ക് മനം നിറഞ്ഞ മംഗല്യം.
227 വിവാഹങ്ങളായിരുന്നു ഗുരുവായൂര്‍ അമ്പലത്തില്‍ ഇതുവരെയുള്ള റെക്കോര്‍ഡ്.അത് മറികടന്നതോടെ പുതിയ റെക്കോര്‍ഡിനും മംഗളനിമിഷങ്ങള്‍ക്കും ക്ഷേത്രം സാക്ഷിയായി.തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ദേവസ്വവും ഒരുക്കിയിരുന്നു.