ഓണക്കാലം ആരംഭിച്ചതോടെ സജീവമായി വാഴയില വിപണി. നാടന്‍ വാഴയിലകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തവണ കൂടുതലായും വാഴയിലകള്‍ എത്തുന്നത്.
ഓണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യയാണ് ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടിന്‍പുറങ്ങളില്‍ സദ്യ വട്ടങ്ങള്‍ക്കുള്ള വാഴയിലകള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും ഇന്ന് വാഴയിലക്കും അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
കമ്പം വത്തലകുണ്ട് സത്യമംഗലം തെങ്കാശി മൈസൂര്‍ തുടങ്ങിയ വിവിധ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇല എത്തുന്നത.് അടപ്രഥമനും മറ്റും തയ്യാറാക്കുന്നതിനായി ഓര്‍ഡര്‍ അനുസരിച്ച് ഇലകളും വിതരണക്കാര്‍ എത്തിച്ചു നല്‍കും.
കോട്ടയം ഏറ്റുമാനൂര്‍ എറണാകുളം തൊടുപുഴ പൂവരണി പൊന്‍കുന്നം പാലാ മേഖലകളില്‍ പ്രധാനമായും ഈറ്റക്കല്‍ ഫാംസ് ആണ് വാഴയില ചില്ലറ വില്പന ശാലകളില്‍ എത്തിക്കുന്നത്. നാലു രൂപ 50 പൈസയാണ് ഒരു വാഴയിലയുടെ വില. ഒരു കെട്ടില്‍ 250 വാഴയിലകള്‍ ഉണ്ടാകും. തിരുവോണം അടുക്കുമ്പോള്‍ പതിവുപോലെ തന്നെ ഇത്തവണയും വാഴയിലക്ക് വില കൂടുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ.
അതേസമയം വയനാട് ദുരന്തത്തെ തുടര്‍ന്ന് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയത് വിപണിയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്ലാസ്റ്റിക് ഇലകളുടെ പ്രചാരം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഓണഘോഷത്തില്‍ വാഴയില ഒരു അഭിഭാജ്യഘടകമാണ്.