കോഴിക്കോട്: വ്യവസായി എം.എ. യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ ആൾ പിടിയിൽ. മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് പിറകിലുള്ള വീട്ടില്‍ മോഷണം നടത്തിയയാളെ നടക്കാവ് പൊലീസാണ് പിടികൂടിയത്. നടക്കാവ് പണിക്കര്‍ റോഡ് തേറയില്‍ വീട്ടില്‍ ടി. രഞ്ജിത്താ(39)ണ് അറസ്റ്റിലായത്.അടച്ചിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറുകയും വിലപിടിപ്പുള്ള ഫ്‌ളോര്‍ മാറ്റും മറ്റു സാധനങ്ങളും പ്രതി കവര്‍ച്ചനടത്തുകയുമായിരുന്നു.
ജൂണ്‍ 17-ന് ഹൗസ് മനേജര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ബി. കൈലാസ് നാഥ്, എ.എസ്.ഐ. ഷൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍, ബബിത്ത് കുറിമണ്ണില്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.