വയനാട്: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്ക് മുൻ പ്രസിഡന്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കെപിസിസി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെയാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ഒരു മണിയോടെയായിരുന്നു എബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സ്‌റ്റേഷനിലേക്ക് പോകും വഴി എബ്രഹാമിനെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഇതോടെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ ഇവിടെ നിരീക്ഷണത്തിലാണ്. ആരോഗ്യാവസ്ഥ തൃപ്തികരമായ ശേഷം എബ്രഹാമിനെ സ്റ്റേഷനിൽ എത്തിക്കും.
നിയമാനുസൃതമായല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നാണ് എബ്രഹാം പറയുന്നത്. വായ്പകൾ നൽകിയത് നിയമം അനുസരിച്ചാണ് വായ്പകൾ നൽകിയതെന്നും എബ്രഹാം പോലീസിനോട് പറഞ്ഞിട്ടണ്ട്.
ഇന്നലെയായിരുന്നു കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രൻ നായരെ മരിച്ച നിലയിൽ കണ്ടത്. അയൽവാസിയുടെ കൃഷിയിടത്തിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി രാജേന്ദ്രൻ ഭൂമി പണയപ്പെടുത്തി 80,000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. എന്നാൽ 80,000 അല്ല 25 ലക്ഷമാണ് വായ്പയായി എടുത്തത് എന്നാണ് ബാങ്ക് രേഖകളിൽ ഉള്ളത്. ഇതിപ്പോൾ കുടിശ്ശിക ആയി 40 ലക്ഷമായി വർദ്ധിച്ചു. ഇതോടെ ജപ്തി ഭീഷണിയും ഉയർന്നു. ഇതിൽ മനംനൊന്ത് ആയിരുന്നു രാജേന്ദ്രൻ ആത്മഹത്യ ചെയ്തത്