കാനഡയിൽ ചാലക്കുടി സ്വദേശിനി ഡോണ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനായി അന്വേഷണം ഊർജ്ജിതം. പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ലാൽ. കെ പൗലോസ് സംഭവത്തിനുശേഷം ഡൽഹിയിലെത്തിയെന്നാണ് കനേഡിയൻ പൊലീസിന്റെ കണ്ടെത്തൽ. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ഡോണയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
മകൾക്കും മരുമകനും വാങ്ങിയ പുത്തൻ വസ്ത്രങ്ങളുമായി ദുരന്തവാർത്ത ഞെട്ടൽ താങ്ങാനാകാതെ കണ്ണീരണിഞ്ഞിരിക്കുകയാണ് ചാലക്കുടി ശ്രേയസ് നഗറിലെ വീട്ടിൽ ഡോണയുടെ മാതാവ് ഫ്ലോറയും പിതാവ് സാജൻ പടിക്കലും.
എന്നും ഫോണിൽ സംസാരിക്കുന്ന മകളെ കുറച്ചുദിവസമായി വിളിക്കുമ്പോൾ ടെക്സ്റ്റ് മെസ്സേജ് മാത്രമായിരുന്നു ലഭ്യമായിരുന്നത്. ജോലിത്തിരക്കാകുമെന്ന് കരുതി. മെയ് ഏഴിനാണു ഇരുവരും ആത്മഹത്യ ചെയ്യുകയാണെന്ന് ഭർത്താവ് ലാലിന്റെ മെയിൽ ഐഡിയിൽ നിന്ന് സന്ദേശം ലഭിക്കുന്നത്.
കാനഡയിലെ പൂട്ടിക്കിടന്ന വീട് തുറന്ന് നോക്കിയപ്പോഴാണ് ഡോണയുടെ മൃതദേഹം കണ്ടെത്തിയത്. ഡോണയ്ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ലാല്‍ സംഭവത്തിനുശേഷം അവിടെനിന്ന് കടന്നു കളയുകയും ചെയ്തു.
ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ഡോണയുടെ ബന്ധുക്കളുടെ നിഗമനം. . ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. പലപ്പോഴായി ഡോണയുടെ അക്കൗണ്ടിൽ നിന്ന് ഭർത്താവ് ലാൽ ഒന്നരക്കോടിയിലധികം രൂപ പിൻവലിച്ചതായി കണ്ടെത്തി.
ലാലിനായി കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ ഡൽഹിയിലേക്ക് കടന്നത്. ഡോണയുടെ മാതാപിതാക്കള്‍ കേരളാ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ വിമാനമിറങ്ങിയെന്ന വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്.
ഒപ്പം പ്രിയപ്പെട്ട മകളുടെ മുഖം ഒരു നോക്ക് കാണാൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പോരാട്ടത്തിലാണ് കുടുംബം. മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്‍റെയും വിവാഹം. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം ബന്ധുക്കൾ ചേർന്ന് നടത്തുകയായിരുന്നു.