തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി വിനു(24)വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എളനാട് സ്വദേശി മിഥുനെ (17) ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ ഇടനാഴി തുരങ്കത്തിന്റെ തൂണില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
പട്ടിക്കാടുനിന്നുള്ള ആംബുലന്‍സിലാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള മിഥുന്‍ ചുവന്നമണ്ണില്‍ പഞ്ചര്‍ കടയിലെ ജീവനക്കാരനാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പാപ്പച്ചന്റെ കൈയ്ക്ക് പരിക്കേറ്റു.