Share this Article
ബാങ്ക് ജീവനക്കാരന്റെ വീട്ടിൽ മോഷണം; 16 പവൻ സ്വർണമാണ് മോഷണം പോയത്
Defendant

ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ വാടകക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടിൽ നിന്നും 16 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റിൽ. സൂര്യനെല്ലി സ്വദേശി സതീശ്(34) നെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. 

സൗത്ത് ഇന്ത്യൻ ബാങ്ക് ചിന്നക്കനാൽ ശാഖ അസിസ്റ്റൻ്റ് മാനേജരായ ജിതിൻ ഷാജിയുടെ വീട്ടിൽ നിന്നാണ് പ്രതി സ്വർണം മോഷ്ടിച്ചത്. ഒരു മാസം മുൻപ് ജിതിൻ്റെ  ഭാര്യ പഠന ആവശ്യത്തിനായി മുനിയറയിലെ കുടുംബവീട്ടിലേക്ക് പോയിരുന്നു. അതിനു ശേഷം ജിതിൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

രാവിലെ ബാങ്കിലേക്ക് പോകുന്ന ജിതിൻ വൈകിട്ടാണ് മടങ്ങിയെത്തുന്നത്. പകൽ സമയത്ത് വീട്ടുടമയുടെ മകളുടെ മകനായ സതീശ് മറ്റൊരു താക്കോൽ ഉപയോഗിച്ച് മുകൾ നിലയിൽ ജിതിൻ താമസിക്കുന്ന വീട് തുറന്ന് അകത്തു കയറി അലമാരയിൽ നിന്നും സ്വർണം മോഷ്ടിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ജിതിൻ്റെ ഭാര്യ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.  ഉടൻതന്നെ ഇവർ ശാന്തൻപാറ പൊലീസിൽ പരാതി നൽകി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും സതീശ് തിരുനെൽവേലിയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് പൊലീസ് സംഘം തിരുനെൽവേലിയിലെത്തി പ്രതിയെ പിടികൂടി.

ലഹരിക്കടിമയായ പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും മോഷണം പോയ ചില സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബാക്കി സ്വർണം പല സ്ഥലത്തായി വിൽപന നടത്തി എന്നാണ് ഇയാൾ നൽകിയ മൊഴി. പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories