തൃശൂരില്‍ മിന്നല്‍ കോബിങ്ങ് ഓപ്പറേഷന്‍ വഴി അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു. എറണാകുളം സ്വദേശി അഷ്‌കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ടാണ് തൃശൂരില്‍ നിന്നും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
12 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 6800 കിലോ കിളിമീന്‍ ഇനത്തില്‍പ്പെട്ട മത്സ്യമാണ് എറണാകുളം സ്വദേശി അഷ്‌കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പുറംകടലില്‍ ഒഴുക്കി കളഞ്ഞു. അതേസമയം ബോട്ട് ഉടമയില്‍ നിന്നും 2,75,000 രൂപ പിഴയായി ഈടാക്കി.
ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്റുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം. എഫ് പോളിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്‌പെഷല്‍ ടാസ്‌ക് സ്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി സുഗന്ധകുമാരി അറിയിച്ചു.