ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാടിന് കൈതാങ്ങുമായി എഐവൈഎഫ് ഇടുക്കി ദേവികുളം വനിതാവിഭാഗം. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ സമ്മാനകൂപ്പണ്‍ ചലഞ്ചുമായിട്ടാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുള്ളത്.
ദുരിതബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ച് നല്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ള വീടുകളുടെ നിര്‍മ്മാണ ചിലവിലേക്കാണ് സമ്മാനകൂപ്പണ്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്.
വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വീടൊരുക്കി നല്‍കുവാനാണ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ലക്ഷ്യമിട്ടിട്ടുള്ളത്.
സംസ്ഥാന നേതൃത്വത്തിന്റെ ഈ ശ്രമത്തിന് പിന്തുണയും സഹകരണവും നല്‍കിയാണ് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്തുവാന്‍ ലക്ഷ്യമിട്ട് എ ഐ വൈ എഫ് ദേവികുളം വനിതാവിഭാഗം സബ് കമ്മിറ്റി കൂപ്പണ്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. കൂപ്പണ്‍ ചലഞ്ചിന്റെ ഉദ്ഘാടനം സിപിഐ മൂന്നാര്‍ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യാ കണ്ണന്‍,ഗണേശന്‍, കണ്ണന്‍,സുധ, ജയ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.50 രൂപയാണ് കൂപ്പണ്‍ നിരക്ക്.അടുത്ത മാസം 14ന് മൂന്നാറില്‍ വച്ച് കൂപ്പണ്‍ നറുക്കെടുപ്പ് നടക്കും.
ഒന്നാം സമ്മാനം ഗോള്‍ഡ് കോയിനും രണ്ടാം സമ്മാനം എല്‍ ഇ ഡി റ്റി വിയുമാണ്.സമ്മാന കൂപ്പണ്‍ ചലഞ്ചിലൂടെ ലഭിക്കുന്ന തുക പ്രവര്‍ത്തകര്‍ എ ഐ വൈ എഫ് സംസ്ഥാന നേതൃത്വത്തിന് കൈമാറും.