വിദേശ ഫലമായിരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് നാട്ടില്‍ കൃഷി ചെയ്ത് നൂറുമേനി വിളയിച്ചിരിക്കുകയാണ് കൊല്ലം തഴുത്തല സ്വദേശി വിക്ടര്‍ പാപ്പച്ചന്‍. 20 വര്‍ഷത്തോളം വിദേശത്തായിരുന്ന വിക്ടര്‍ അഞ്ചുവര്‍ഷം മുന്‍പാണ് കൃഷിയിലേക്ക് തിരിച്ചത്.
റമ്പുട്ടാനും കുരുമുളകും ഒക്കെയായിരുന്നു ആദ്യം കൃഷി ചെയ്ത് തുടങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് ഡ്രാഗണ്‍ ഫ്രൂട്ട് എന്ന ആശയം ഒരു സുഹൃത്ത് മുഖേന വിക്ടര്‍ പാപ്പച്ചന്‍ അറിഞ്ഞത്. ഉടന്‍തന്നെ കോന്നി അത്തിക്കയത്തില്‍ നിന്നും 120 രൂപ നിരക്കില്‍ അമ്പതോളം തൈകള്‍ വാങ്ങി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ആരംഭിച്ചത്.
ആദ്യമൊക്കെ മുള്ളന്‍ പന്നി പോലുള്ള കാട്ടു മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നുവെങ്കിലും ആ പ്രതിസന്ധികളെയൊക്കെ തരണം ചെയ്താണ് വിളവെടുപ്പ് നടത്തിയതെന്നും കുടുംബം പറയുന്നു.
ഭാര്യ ഷെര്‍ലി വിക്ടറും മക്കളായ വിജിത്ത് വിക്ടറും, സോനാ വിക്ടറും കൃഷിക്ക് സഹായവുമായി ഒപ്പമുണ്ട്. 50 കിലോയോളം വരുന്ന കായകളാണ് ഈ സീസണില്‍ വിളവെടുത്തത്. ഡ്രാഗണ്‍ ഫ്രൂട്ട് കൂടാതെ റമ്പൂട്ടാന്‍ കൃഷിയും ഇദ്ദേഹത്തിന്റെ പുരയിടത്തിലുണ്ട്.
ഉടന്‍തന്നെ റമ്പൂട്ടാന്റെ വിളവെടുപ്പ് നടക്കുമെന്ന് വിക്ടര്‍ പറഞ്ഞു. ചാണകം, എല്ലുപൊടി, കോഴിവളം മുതലായവയാണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. പൊതു വിപണിയില്‍ 380 രൂപവരെ വിലയുള്ള ഡ്രാഗണ്‍ ഫ്രൂട്ട് 200 രൂപയ്ക്കാണ് വിക്ടര്‍ വില്‍പ്പന നടത്തുന്നത്.