Share this Article
വഖഫ് നിയമ ഭേദഗതി ബില്ലിന് എതിരെ മുസ്‌ലിം മതപണ്ഡിത സംഘടനയായ സമസ്ത
Samastha Opposes Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിന് എതിരെ മുസ്‌ലിം മതപണ്ഡിത സംഘടനയായ സമസ്തയുടെ പോഷക സംഘടനകൾ സമരത്തിലേക്ക്. സുന്നി മഹല്ല് ഫെഡറേഷന്റെയും മദ്രസ മാനേജ്മെൻറ് അസോസിയേഷന്റെയും നേതൃത്വത്തിൽ രാജ് ഭവൻ മാർച്ച് ഉൾപ്പെടെ നടത്തും. പ്രക്ഷോഭ പ്രഖ്യാപന കൺവെൻഷൻ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്നു.

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതി ബില്ല് സമുദായത്തിനെതിരാണ് എന്നാണ് മുസ്‌ലിം സംഘടനകൾ വ്യക്തമാക്കുന്നത്. ജെപിസിക്ക് വിട്ടിരുന്ന ബില്ല് പാർലമെന്റിന്റെ പരിഗണനയ്ക്ക് വീണ്ടും വരാനിരിക്കുന്നതിനിടയാണ് മുസ്ലിം മതപണ്ഡിത സംഘടനയായ സമസ്തയുടെ പോഷക ഘടകങ്ങൾ സമര രംഗത്തേക്ക് ഇറങ്ങുന്നത്.

സമര പ്രഖ്യാപന കൺവെൻഷൻ സമസ്ത ട്രഷറർ പി.പി.ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്തു. പ്രത്യേക നിയമങ്ങളിലൂടെ സമുദായത്തെ ഉന്മൂലനം ചെയ്യുകയാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യമെന്ന് ഉമ്മർ മുസ്‌ലിയാർ  പറഞ്ഞു. 

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമര പ്രഖ്യാപനം നിർവഹിച്ചു. സുന്നി മഹല്ല് ഫെഡറേഷനും മദ്രസ മാനേജ്മെൻറ് അസോസിയേഷനും നവംബർ 14ന് ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തും.

നവംബർ 30ന് രാജ്ഭവൻ മാർച്ചും സംഘടിപ്പിക്കും. ഗവർണറെ കണ്ട് ആശങ്കകൾ അടങ്ങിയ നിവേദനവും സമർപ്പിക്കും. അഡ്വ.ഹാരിസ് ബീരാൻ എം.പി, ഡോ.എം.കെ.മുനീർ എം.എൽ.എ, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ സംസാരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories