ഇടുക്കി അടിമാലിയില്‍ കുടുംബത്തിന് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ രണ്ടും നാലും വയസ്സുള്ള കുട്ടികളടക്കം കുടുംബം അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായാണ് കുടുംബത്തിന്റെ ആരോപണം.
ഞായറാഴ്ച പകല്‍ പത്തുമണിയോടെയാണ് ഇരുമ്പുപാലം പുളിഞ്ചോട്ടിലുള്ള ബേസിലിന്റെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച ഇരുമ്പുപാലത്ത് അപകടത്തില്‍പെട്ട ലോറിയില്‍ നിന്ന് ബേസില്‍ പണം അപഹരിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
തേയില ലോഡുമായി എത്തിയ ലോറിയാണ് റോഡില്‍ നിന്നും 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റ ഡ്രൈവറെ സമീപവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് മോഷണക്കുറ്റം ആരോപിച്ച് തനിക്കെതിരെ ആക്രമണമുണ്ടായതെന്നാണ് ബേസിലിന്റെ പരാതി.
ബേസിലിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ എത്തിയ ഭാര്യയെയും മാതാവിനെയും സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ആക്രമിച്ചു. 16 വയസ്സുകാരിയായ ബേസിലിന്റെ മകളെ ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്‌തെന്നും ആരോപണമുണ്ട്.
ആശുപത്രിയില്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. പ്രതികളുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് പോലീസ് കേസെടുക്കാത്തത് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു.
മര്‍ദ്ദനത്തിനുശേഷം വാഹനത്തില്‍ വീണ്ടും ചില സംഘങ്ങള്‍ എത്തിയിരുന്നു. പ്രദേശവാസികളായ ആളുകള്‍ കൂടിയതിനാല്‍ കൂടുതല്‍ അക്രമം നടന്നില്ലെന്നാണ് സമീപാസികള്‍ പറയുന്നത്.