ചെന്നൈ: പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചകേസില്‍ തമിഴ്നാട്ടിൽ നാലു പോലീസുകാരെ അറസ്റ്റുചെയ്തു. ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പതിനേഴുകാരിയെയാണ് പീഡിപ്പിച്ചത്. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് സംഭവം.തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പില്‍ വച്ചാണ് പീഡനം നടന്നത്. 19 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. സാധാരണ വേഷത്തിലെത്തിയ നാലുപേര്‍ പോലീസാണെന്ന് പരിചയപ്പെടുത്തുകയും ഇരുവരെയും ചോദ്യം ചെയ്യുകയുമായിരുന്നു. കഞ്ചാവ് ഇടപാടു നടത്തുന്നുവെന്നാരോപിച്ച് ആണ്‍കുട്ടിയെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയും ചെയ്തു. ഓടുന്ന കാറിലിട്ട് ഒരു മണിക്കൂറോളം നേരം ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് മദ്യ ലഹരിയിലായിരുന്ന അക്രമികള്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ടത്.
സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്.