പാലക്കാട് കല്ലേപ്പുള്ളിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയത് പലിശക്കാരുടെ ഭീഷണിയില്‍ മനംനൊന്തെന്ന് കുടുംബത്തിന്റെ പരാതി. കല്ലേപ്പുള്ളി സ്വദേശി സികെ സുരേന്ദ്രനാഥാണ് ജീവനൊടുക്കിയത്. പലിശക്കാരില്‍ നിന്ന് 10 ലക്ഷത്തോളം രൂപ സുരേന്ദ്രനാഥ് കടം വാങ്ങിയിരുന്നു. പലതവണ വീട്ടിലെത്തി ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ അംബിക പറഞ്ഞു.
10 ലക്ഷത്തോളം രൂപയാണ് കല്ലേപ്പുളളി അമ്പലക്കാട് കോളനിയിലെ സുരേന്ദ്രനാഥ് പല പലിശക്കാര്‍ക്കുമായി നല്‍കാന്‍ ഉണ്ടായിരുന്നത്. ജീവനൊടുക്കിയ ദിവസവും കടം വാങ്ങിയ പണത്തിന്റെ പലിശ തിരികെ നല്‍കാന്‍ 5000 രൂപ സുരേന്ദ്ര നാഥ് പലരോടും ആവശ്യപ്പെട്ടിരുന്നു.ജീവനൊടുക്കുന്നതിന് തൊട്ട് മുന്‍പ് വരെ പലിശക്കാര്‍ ഭീഷണിപ്പെടുത്തയിരുന്നുവെന്നും കുടുംബം പറയുന്നു.
മകന് ഇത്ര വലിയ ബാധ്യത ഉളളതായി അറിയില്ലായിരുന്നുവെന്നാണ് പിതാവ് പറയുന്നത്.സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്പലക്കാട് കോളനിയിലെ തന്നെ നിരവധി പേരാണ് ഇതിനോടകം പലിശക്കാരുടെ കെണിയില്‍ അകപ്പെട്ടിരിക്കുന്നത്.