കക്കാട് ജംഗ്ഷനില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്ക്. ഒരു സ്ത്രീക്ക് നട്ടെല്ലിന് സാരമായി പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പ്രദേശത്തെ അശാസ്ത്രീയമായ ഡിവൈഡര്‍ നിര്‍മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തൃശ്ശൂര്‍ കോഴിക്കോട് പാതയില്‍ കക്കാട് ജംഗ്ഷനില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. എതിര്‍ ദിശകളില്‍ സഞ്ചരിച്ച സ്വകാര്യബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പതിനഞ്ചോളം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരില്‍ കൂടുതലും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഒരു സ്ത്രീക്ക് നട്ടെല്ലിന് സാരമായ പരുക്കേറ്റിട്ടുണ്ട്.
തൃശൂരില്‍ നിന്നും കോഴികോട്ടേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സും മഞ്ചേരിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന പിടിഎ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രദേശത്തെ അശാസ്ത്രീയമായ ഡിവൈഡര്‍ നിര്‍മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഡിവൈഡറുകള്‍ ഉയരം കൂടിയതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാത്തതും പാലത്തില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഡിവൈഡറുകളുടെ അശാസ്ത്രീയത മൂലം പ്രദേശത്ത് അപകടം നിത്യസംഭവമാണ്. ഒരാഴ്ചയ്ക്കിടെ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.