കോഴിക്കോട്: ക്ഷേത്രങ്ങളിൽ ഭക്തർക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനിച്ച് മലബാർ ദേവസ്വം ബോർഡും. ഇതു സംബന്ധിച്ച നിർദ്ദേശം നാളെ ഔദ്യോഗികമായി പുറത്തിറക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡൻറ് എംആർ മുരളി വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മലബാർ ദേവസ്വവും തീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നത്.
അരളിയിൽ വിഷാംശമുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്. അതേസമയം പൂജയ്ക്ക് അരളിപ്പൂവ് തുടർന്നും ഉപയോഗിക്കാമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.
അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നേരത്തെ അറിയിച്ചിരുന്നു. വിഷാംശം സംബന്ധിച്ച വാർത്തകൾ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യം ചർച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിരുന്നു.