കോഴിക്കോട് നഗരത്തില്‍ ലൈംഗികാതിക്രമം പ്രതിരോധിച്ച യുവതിയെ വാഹനത്തില്‍ വലിച്ചിഴച്ച് പ്രതി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.കഴിഞ്ഞ ഞായറാഴ്ച രാത്രി 10.22 ഓടെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ശ്മശാനം റോഡിലാണ് യുവതിക്ക് നേരെ പ്രതി കെപി മുഹമ്മദാലിയുടെ ലൈംഗികാതിക്രമം നടന്നത്. കോഴിക്കോട് നഗരത്തിന് സമീപം താമസിക്കുന്ന 43 കാരി തൃശ്ശൂരിൽ നിന്നും കെഎസ്ആർടിസി ബസിന് വരികയായിരുന്ന ഭർത്താവിനെ വീട്ടിലേക്ക് കൂട്ടാനായി സ്കൂട്ടറിൽ എത്തിയതായിരുന്നു. ഈ സമയത്ത് മഞ്ഞ ബൈക്കിൽ ഒഴിഞ്ഞ സ്ഥലത്ത് നിൽക്കുകയായിരുന്ന മുഹമ്മദലി യുവതിയുടെ അടുത്തെത്തി അശ്ലീല ചേഷ്ഠ കാണിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇതോടെ പ്രതികരിച്ച യുവതി ലൈംഗിക അതിക്രമം പ്രതിരോധിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. എന്നാൽ, ബൈക്കിൽ യുവതിയെയും വലിച്ചിഴച്ച് പ്രതിയായ മുഹമ്മദലി മുന്നോട്ടു നീങ്ങുകയായിരുന്നു. 10 മീറ്ററോളം ദൂരം ഇങ്ങനെ വലിച്ചിഴച്ചു.
യുവതിയുടെ പരാതിയിൽ നടക്കാവ് എസ് ഐ ലീല വേലായുധൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇന്നലെ പിടികൂടിയത്. 34 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയുള്ള സിസിടിവി ദൃശ്യം കണ്ടെത്തിയത്. അതിൽ തന്നെ പ്രതി ഉപയോഗിച്ചിരുന്ന മഞ്ഞ പാഷൻ പ്രോ ബൈക്ക് കേസിലെ നിർണായ തെളിവായി. കോഴിക്കോട് നഗരത്തിൽ 51 പേർക്ക് മാത്രമാണ് പാഷൻ പ്രൊ ബൈക്കുള്ളതെന്ന് കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കക്കോടിയിലെ ഇറച്ചി വെട്ടുകാരനായ മുഹമ്മദലിയിലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ മുഹമ്മദലി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.