കാസര്‍ഗോഡ് ആമ വേട്ടയ്ക്കെതിരെ കുട്ടിക്കൂട്ടം രംഗത്ത്. കവ്വായിക്കായലോരത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ജീവിക്കുന്ന കാരാമകളുടെ സംരക്ഷണത്തിനായാണ് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയിലെ കുട്ടിപ്പട്ടാളങ്ങള്‍ പ്രത്യക്ഷ പ്രതിഷേധമുയര്‍ത്തി സംഘടിച്ചത്.
കരയിലെ ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജീവിവര്‍ഗമായ ആമകളുടെ പ്രധാന ആവാസകേന്ദ്രമാണ് ഇടയിലെക്കാട് കയ്പ്പാട്ടിലെ കണ്ടല്‍വനങ്ങള്‍. നൂറുകണക്കിന് കാരാമകളുടെ കേന്ദ്രമാണ് ഇവിടം.
എന്നാല്‍ പലദേശങ്ങളില്‍ നിന്നും ഇവിടേക്ക് ആളുകളെത്തി ആമകളെ പിടികൂടി കടത്തുന്നത് പതിവായിരിക്കുകയാണ്. ഇതോടെയാണ് ആമക്കൂട്ടത്തെ സംരക്ഷിച്ചു നിര്‍ത്താനുള്ള സമരമുറയുമായി കുട്ടികള്‍ ബാല വേദിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടത്.
ആമവേട്ട തുടര്‍ന്നാല്‍ വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് പ്രദേശവാസികളുടെ നീക്കം. പ്രക്ഷോഭത്തില്‍ ആമയുടെ സംരക്ഷണം അനിവാര്യമെന്നോര്‍പ്പിച്ച് കുട്ടികള്‍ പ്രതിജ്ഞയുമെടുത്തു. ആമവേട്ട തുടര്‍ന്നാല്‍ കൊറ്റില്ലമാകെ ഭീഷണിയുടെ നിഴലിലാകുമെന്നും പ്രദേശവാസികള്‍ ഓര്‍മിപ്പിച്ചു.