തൃശൂർ: യാത്രയ്ക്കിടെ കാട്ടാനയ്ക്ക് പഴവും ജിലേബിയും കൊടുക്കാൻ പോയി പണി മേടിച്ചിരിക്കുകയാണ് തമിഴ്നാട് സ്വദേശി. വീഡിയോ കിട്ടിയ വഴിക്ക് തമിഴ്നാട് സ്വദേശി സൗഗതിനെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിയെ ചാലക്കുടി കോടതി 14 ദിവസം റിമാൻഡ് ചെയ്തു. അതിരപ്പിള്ളി - മലക്കപ്പാറ പാതയിലായിരുന്നു സംഭവം.
തമിഴ്നാട് സ്വദേശികളായ ഏഴ് അംഗ സംഘം ഇന്നലെയാണ് വാൽപ്പാറ വഴി അതിര്‍ത്തി കടന്ന് മലക്കപ്പാറയിലെത്തിയത്. തുടർന്ന് അതിരപ്പിള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ആനക്കയം ആനത്താരിയിലാണ് ആനക്കൂട്ടത്തെ കണ്ടത്. തുടർന്ന് കാട്ടാനകൾക്ക് ലഡുവും പഴവും നൽകാൻ സൗഗത് പോവുകയായിരുന്നു. ആനയ്ക്ക് മധുര പലഹാരങ്ങൾ എറിഞ്ഞുകൊടുത്ത് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് ആനയെ പ്രകോപിപ്പിച്ചത്.പിന്നാലെ വിനോദസഞ്ചാരികൾക്ക് നേരെ ആന പാഞ്ഞടുക്കുകയും ചെയ്തു.
പഴവും ജിലേബിയും കൊടുക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത മറ്റൊരു യാത്രികൻ വനം വകുപ്പിന് അയച്ചു കൊടുത്തു. പിന്നാലെ അതിരപ്പിള്ളിയിൽ വണ്ടി തടഞ്ഞ വനം വകുപ്പ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മസ്താൻ ട്രാൻസ്പോർട്ടിങ് കമ്പനി ഉടമ റാണി പേട്ട് സ്വദേശി സൗക്കത്ത് എം (43), തിരുവല്ലൂർ സ്വദേശികളായ സുരേഷ്, മണി കണ്ഠൻ, നീലകണ്ഠൻ, ടി പ്രകാശ്, വെല്ലൂർ സ്വദേശികളായ റഷീദ് ബാഷ എം, സ്വദേശി തിലകർ ബാഷ എം, എന്നിവരാണ് പിടിയിലായത്.
ദൃശ്യങ്ങൾ പകർത്തിയ മറ്റൊരു വിനോദ സഞ്ചാര സംഘമാണ് വനംവകുപ്പിന് വിവരം കൈമാറിയത്. ഇതേത്തുടർന്ന് വനം വകുപ്പ് സംഭവസ്ഥലത്ത് എത്തി ഏഴുപേരെയും പിടികൂടുകയായിരുന്നു.
പ്രതികൾക്കെതിരെ കേരളാ വനം ആക്ട് 1961, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആക്ട് 2022, ഉൾപ്പടെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തി കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരിൽ ഒന്നാം പ്രതിയെ ചാലക്കുടി ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും കോടതി വിട്ടുകൊടുത്തില്ല.