നൂറ്റാണ്ടുകളുടെ ചരിത്രത്തിന് സാക്ഷിയായി കാസറഗോഡ് ആലിൻകീഴിലെ ശിലാ ചിത്രം. ചരിത്രാന്വേഷികളായ നിരവധി പേരാണ് ദിവസേന ഇവിടം സന്ദർശിക്കുന്നത്.മഹാശിലാ കാലത്തേ അടയാളപ്പെടുത്തുന്ന ഈ ചിത്രം അമൂല്യ നിധിയെന്നാണ് ചരിത്രക്കാരൻമാർ അഭിപ്രായപ്പെടുന്നത്.
പാമ്പു കൊത്തിപ്പാറ എന്ന് ആധാരത്തിൽ പേരുള്ള സ്ഥലം നാല്പത് വർഷം മുമ്പ് വാങ്ങുമ്പോൾ ടി.വി.ദാമോദരൻ അറിഞ്ഞിരുന്നില്ല മഹാശിലാ കാലഘട്ടത്തിൻ്റെ ചരിത്ര ശേഷിപ്പായ ശിലാചിത്രം കോറിയിട്ട അമൂല്യ നിധി ഉൾപ്പെടുന്നതാണ് ഈ സ്ഥലമെന്ന്.
പുതുക്കൈ വില്ലേജിൽ ആലിൻകീഴിൽ നാല് ഇഞ്ച് കനത്തിൽ കോറിയിട്ട പാമ്പിൻ മുട്ടയ്ക്ക് അടയിരിക്കുന്ന സർപ്പത്തിൻ്റെ ശിലാ ചിത്രമാണ് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള സംസ്കാരത്തിൻ്റെ അടയാളപ്പെടുത്തലായി ഇന്നും നിലനിൽക്കുന്നത്.
സർപ്പരൂപം ഇരുമ്പയുധം ഉപയോഗിച്ച് കോറിയിട്ടത്കൊണ്ടാണ് ആധാരത്തിൽ പാമ്പുകൊത്തിപ്പാറ എന്ന സ്ഥലപ്പേര് എഴുതിച്ചേർത്തിട്ടുള്ളത്. ആലിൻകീഴിലെ ,സർപ്പത്തിൻ്റെ ശീല ചിത്രത്തിന് രണ്ടായിരം വർഷം വരെ പഴക്കമുണ്ടെന്നാണ് അനുമാനം
നൂറ്റാണ്ടുകൾക്ക് മുമ്പ് കൊത്തിയ ചിത്രമായതുകൊണ്ട് തന്നെ മഴതുള്ളികൾ പതിച്ച് ചുറ്റിലും പാറയിൽ ചെറിയ ചെറിയ സുഷിരങ്ങൾ വീണിട്ടുണ്ട്. വർഷം മുഴുവനും ശിലാചിത്രത്തിന് മുകളിൽ നിറയെ ഇലകൾ വീണുകിടക്കുന്നത് കൊണ്ടാണ് ശിലാ ചിത്രം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടു അധികം പോറലേൽക്കാതെ നിലനിൽക്കുന്നത്.