Share this Article
തിന്നർ ദേഹത്തൊഴിച്ച് തീകൊളുത്തി; ഗൃഹനാഥൻ മരിച്ചു, ഭാര്യയും മകനും ഗുരുതര നിലയിൽ
വെബ് ടീം
posted on 02-06-2024
1 min read
man-died-after-trying-to-set-his-wife-and-son-on-fire

തിരുവനന്തപുരം: വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ചെമ്മരുതി ആശാൻമുക്കിന് സമീപം കുന്നത്തുവിള വീട്ടിൽ രാജേന്ദ്രൻ (53) ആണ് മരിച്ചത്. ഗുരുതരമായി പോള്ളലേറ്റ ഭാര്യ ബിന്ദു (42) വിനെയും മകൻ അമലി(18) നെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ രാജേന്ദ്രന്റെ വീടിനുള്ളിലായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ എട്ട് മാസത്തോളമായി അകന്നു കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങൾ എടുക്കാനായി മകനെയും മകളെയും കൂട്ടി വൈകീട്ട് രാജേന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം.

വാക്കുതർക്കത്തിനിടയിൽ പ്രകോപിതനായ രാജേന്ദ്രൻ വീട്ടിൽ കരുതിയിരുന്ന തിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈസമയം മകൾ സാന്ദ്ര വീടിന് പുറത്തുനിൽക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ചിരുന്നു. അയിരൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് ആദ്യം നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നെങ്കിലും പെയിന്റ് പണിക്കാരനായ രാജേന്ദ്രൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഉപയോഗിച്ചാകും തീകൊളുത്തിയതെന്നാണ് പോലീസ് നിഗമനം. ഫൊറൻസിക് പരിശോധനാ ഫലങ്ങൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അയിരൂർ പോലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories