വിസ,ജോലി വാഗ്ദാന തട്ടിപ്പുകള്‍ക്ക് കട്ടപ്പന നഗരം കേന്ദ്രമാകുന്നു. മുപ്പതോളം കേസുകളാണ് പൊലീസ് സ്റ്റേഷനുകളില്‍ എത്തിയത്. നഗരത്തില്‍ ഓഫീസ് ഉണ്ടെന്ന് അവകാശപ്പെട്ട് മറ്റ് ജില്ലകളില്‍ നിന്നുള്ള ആളുകളെയാണ് പ്രധാനമായും കുരുക്കിലാക്കുന്നത്.
കൃത്യമായ വിവരം തിരക്കാതെയും, ഏജന്‍സിയെ കുറിച്ച് അന്വേഷിക്കാതെയും പണം നല്‍കുന്നതോടെയാണ് ആളുകള്‍ കബളിപ്പിക്കപ്പെടുന്നത്. വിദേശത്ത് മികച്ച യൂണിവേഴ്‌സിറ്റിയില്‍ പഠനം, മികച്ച ജോലി എന്നിവയാണ് വാഗ്ദാനം. പല തവണയാണ് അക്കൗണ്ട് വഴി പണം കൈക്കലാക്കും.
ഉടന്‍ വിദേശത്തേക്ക് അയക്കാം എന്ന് പറയുമെങ്കിലും വര്‍ഷങ്ങളോളം നടപടി വൈകിപ്പിക്കും. പിന്നീട് അന്വേഷണം നടക്കുമ്പോഴാണ് നമ്പറും അഡ്രസ്സും വ്യാജമാണെന്ന് മനസിലാകുന്നത്. നിരവധി ആളുകളാണ് കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്കും ഡിവൈഎസ്പി ഓഫീസിലേക്കും എത്തുന്നത്. തട്ടിപ്പു നടത്തിയ ആളെ അന്വേഷിച്ച് കട്ടപ്പനയിലെത്തിയവര്‍ക്ക് പറയാനുള്ളത് നഷ്ടമായ ലക്ഷങ്ങളുടെ കണക്കുകള്‍ മാത്രം.
കട്ടപ്പനയാണ് സ്വദേശം എന്നും ചെന്നൈയിലും ബാംഗ്ലൂരിലുമാണ് ഏജന്‍സിയുടെ പ്രവര്‍ത്തനം എന്നുമാണ് തട്ടിപ്പുകാര്‍ ആളുകളോട് അവകാശപ്പെടുന്നത്. തട്ടിപ്പ് മനസ്സിലാക്കിയശേഷം അന്വേഷിക്കുമ്പോള്‍ ഇങ്ങനെയൊരു സ്ഥാപനവോ, വ്യക്തിഗത വിവരങ്ങളോ ഇല്ല. ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതിനൊപ്പം, വിദേശത്ത് പോകുന്നവര്‍ ഏജന്‍സിയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കണം എന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.