റോഡ് പണിയുടെ പുരോഗതി വിലയിരുത്താൻ 40 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ്.
അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ കുന്നംകുളത്തിനടുത്ത് ചൂണ്ടൽ വരെയും തിരികെയുമാണ് സൈക്കിളിൽ യാത്ര ചെയ്തത്.തൃശൂർ - കുന്നംകുളം സംസ്ഥാനപാതയുടെ അറ്റകുറ്റപണികളുടെ പുരോഗതി വിലയിരുത്താനായിരുന്നു യാത്ര...
പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിർത്തുവാൻ കഴിയുന്ന വാഹനം എന്ന നിലയിലും ആയിരുന്നു യാത്രക്ക് സൈക്കിൾ തെരഞ്ഞെടുത്തത്. ഒപ്പം സൈക്കിളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയായിരുന്നു ജില്ലാ കലക്ടറുടെ സൈക്കിൾ യാത്ര.
കിരൺ ഗോപിനാഥ് പ്രസിഡന്റായ തൃശൂർ സൈക്ക്ളേഴ്‌സ് ക്ലബിൻ്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറർ സനോജ് പാമ്പുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം ക്ലബ് അംഗങ്ങൾ, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവരും കല്‌കടർക്കൊപ്പം സൈക്കിൾ യാത്രയിൽ പങ്കെടുത്തു.
റോഡ് നവീകരണം പൂർത്തിയാകുന്നതുവരെ അറ്റകുറ്റപണി സമയബന്ധിതമായി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ കെഎസ്ടിപി ഇദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
206.9 കോടി രൂപയുടെ പാറമേക്കാവ് - കല്ലുംപുറം വരെയുള്ള 33.34 കിലോമീറ്റർ റോഡിൻ്റെ നവീകരണത്തിനുള്ള ടെണ്ടർ നടപടികൾ ഒക്ടോ.10 ന് ആരംഭിക്കും. നവംബറോടെ റോഡ് പണി തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആറ് മാസത്തിനകം പൂർത്തീകരിക്കാനാണ് നീക്കം. നിലവിൽ കേച്ചേരി മുതൽ മഴുവൻഞ്ചേരി വരെ ഒഴികെയുള്ള മുഴുവൻ റോഡും അറ്റകുറ്റപണി തീർത്ത് സഞ്ചാര യോഗ്യമാക്കിയതായി കെഎസ്‌ടിപി അധികൃതർ അറിയിച്ചു.
കെ എസ് ടി പി റോഡ് നിർമ്മാണ ഏകോപനം നീരീക്ഷിക്കുന്നതിന് രൂപീകരിച്ച സമിതി സ്ഥിരമായി റോഡ് പണിയുടെ പുരോഗതി വിലയിരുത്തുമെന്നും കലക്ടർ അറിയിച്ചു.