ഓണാഘോഷത്തിന് അന്യ സംസ്ഥാനങ്ങളിലെ പച്ചക്കറിയും കാത്തിരിക്കുന്ന മലയാളികള്‍ക്ക് മാതൃകയാവുകയാണ് തിരുവനന്തപുരം ആനാകോട് ഗ്രാമം.സമൃദ്ധമായ പച്ചക്കറി കൃഷി ചെയ്തും വിളവെടുത്തുമാണ് ആനക്കോട് നിവാസികള്‍ വര്‍ഷങ്ങളായി ഓണം ആഘോഷിക്കുന്നത്.
സമൃദ്ധമായി ഓണം ആഘോഷിക്കാന്‍ നാട് തയ്യാറെടുക്കുമ്പോള്‍ പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ആനാകോട് ഗ്രാമത്തിലും ഒരുക്കങ്ങള്‍ തകൃതിയായാണ്.ഓണസദ്യക്ക് വേണ്ട പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്തു ഉപയോഗിക്കുന്നതാണ് ഇവിടത്തെ രീതി.സ്വന്തം ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ ബാക്കി വരുന്നവ നാട്ടുകാര്‍ക്കും സമീപ പഞ്ചായത്ത് നിവാസികള്‍ക്കും നല്‍കിവരുന്നു.
ആനാകോട് ഗ്രാമത്തിലെ ഓരോ കര്‍ഷകരും അവരുടെ പരിചയ സമ്പന്നത കൊണ്ട് ആണ് കൃഷിയില്‍ ലാഭം കൊയ്യുന്നത്. ആവശ്യമായ വെള്ളരി,പടവലം,വാഴക്കുലകള്‍ ,ചീര,വെണ്ടയ്ക്ക , മരച്ചീനി ,കത്തിരി,ചേന, ചേമ്പ് തുടങ്ങി ഒട്ടനവധി പച്ചക്കറികളും മറ്റു ഉല്‍പ്പന്നങ്ങളും ഉല്പാദിപ്പിച്ചു വരുന്നു.ഓണക്കാലത്ത് മാത്രമല്ല മറ്റ് എല്ലാ സീസണിലും ഇവിടെ പച്ചക്കറി ലഭിക്കുമെന്നതാണ് മറ്റെരു പ്രത്യേകത .
മറ്റ് സംസ്ഥാനങ്ങളിലെ പച്ചക്കറിയും കാത്തിരിക്കുന്ന മലയാളികള്‍ക്ക് ഒരു മാതൃക തന്നെയാണ് ആനാട് വാര്‍ഡിലെ 50 ല്‍പ്പരം വരുന്ന കര്‍ഷകര്‍. ചില സീസണുകളില്‍ പച്ചക്കറിക്ക് വിപണന സാധ്യത ഇല്ലാതെ വന്ന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും അതൊന്നും വകവയ്ക്കാതെ ഇവര്‍ കൃഷി തുടരുന്നു.
വയലുകള്‍ മണ്ണിട്ടുനികത്തി റബ്ബറും , തെങ്ങും ,തുടങ്ങിയ കൃഷി രീതികളിലേക്ക് മാറിയപ്പോഴും ആനാകോട് ഇന്നും തലമുറകളായി പിന്തുടര്‍ന്ന് വരുന്ന പാരമ്പര്യം പിന്തുടരുകയാണ്.