കോഴിക്കോട് കുറ്റിക്കാട്ടൂരിൽ റിജാസ് എന്ന യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ട് കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രക്ഷോഭത്തിലേക്ക്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും പൊലീസിന്റെയും അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും വൈദ്യുതിവകുപ്പും മന്ത്രിയും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇവർ ആരോപിച്ചു. സർക്കാരിൽ നിന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.
കോവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുറ്റിക്കാട്ടൂർ പുലച്ചേരി താഴം എന്ന സ്ഥലത്ത് വെച്ച് 2024 മെയ് 20 ന് പുലർച്ചെയാണ് ഷെഡിലെ ഇരുമ്പുകാലിൽ നിന്നും റിജാസിന് ഷോക്കേൽക്കുന്നത്. ഷോക്കേറ്റ് റിജാസ് അബോധാവസ്ഥയിലാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
ഈ സമയം അവിടെയെത്തിയ സഹോദരൻ മുഹമ്മദ് റാഫി രക്ഷിക്കാൻ ശ്രമിച്ച എങ്കിലും അദ്ദേഹത്തിനും ഷോക്കേറ്റു. കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്ന റിജാസ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ വീഴ്ച ഉണ്ടായതായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പോലീസ് കുന്നമംഗലം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാൽ കെഎസ്ഇബി പ്രാഥമിക സഹായധനം നൽകിയതല്ലാതെ മറ്റൊന്നും റിജാസിന്റെ കുടുംബത്തിന് നൽകിയിട്ടില്ല. വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ മൂന്നു ലൈൻമാന്മാർക്കെതിരായ നടപടി സ്ഥലംമാറ്റത്തിലും ഒതുക്കി.
ഈ പശ്ചാത്തലത്തിലാണ് കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിന് ഒരുങ്ങുന്നതെന്ന് ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.
സർക്കാരിൽ നിന്നും നീതി ലഭിക്കാനാണ് ഇത്തരമൊരു പ്രക്ഷോഭം എന്ന് മരണപ്പെട്ട റിജാസിന്റെ സഹോദരൻ മുഹമ്മദ് റാഫിയും വ്യക്തമാക്കി.
നേരത്തെ ഈ വിഷയത്തിൽ ആക്ഷൻ കമ്മിറ്റി വൈദ്യുതി ഭവൻ മാർച്ച് നടത്തിയിരുന്നു. സർക്കാരിൽ നിന്നും അനുകൂല സമീപനം ഉണ്ടായിട്ടില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്താനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.