കൊച്ചി: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ കൊച്ചി ഫ്രാഞ്ചൈസിയുടെ പുതിയ പേര് പ്രഖ്യാപിച്ചു. ഫോഴ്‌സാ കൊച്ചി എഫ്‌സിയെന്നാണ് ടീമിന് പേര് നല്‍കിയിരിക്കുന്നത്. ചലചിത്രതാരം പൃഥിരാജ് ഉടമയായ ഫ്രാഞ്ചൈസിയുടെ പുതിയ പേര് ഇന്ന് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വി തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
''ഒരു പുതിയ അധ്യായം കുറിക്കാൻ “ഫോഴ്സാ കൊച്ചി”
കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!'' എന്ന കുറിപ്പോടെയാണ് പൃഥ്വി പുതിയ പേര് പ്രഖ്യാപിച്ചത്.
നേരത്തെ സോഷ്യല്‍ മീഡിയിലൂടെ ടീമിന്റെ പേര് നിര്‍ദേശിക്കാന്‍ ആരാധകരോട് പൃഥ്വി ആവശ്യപ്പെട്ടിരുന്നു. കൊച്ചി പെപ്പേഴ്‌സ് എന്ന കൊച്ചി ഫ്രാഞ്ചൈസി പൃഥ്വിരാജ് വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് റീ ബ്രാന്‍ഡിങ് നടന്നത്. ഇതോടെ കേരളത്തില്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് വാങ്ങുന്ന ആദ്യ ചലചിത്ര താരവുമായി പൃഥി. ഭാര്യ സുപ്രിയ മേനോനാണ് ടീമിന്റെ സഹ ഉടമ.
തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്നത്. 45 ദിവസം നീളുന്ന ലീഗ് പോരാട്ടത്തിന് സെപ്റ്റംബര്‍ ആദ്യവാരമാണ് കിക്കോഫാകുന്നത്.