വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കുന്നതിനിടെ ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് ആണ്ട് പൂര്‍ത്തിയാകുന്നു. 70 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. ദുരിത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 ലക്ഷം രൂപ ഇപ്പോഴും ലഭിച്ചിട്ടില്ല.
മലമുകളില്‍നിന്ന് പൊട്ടിയൊഴുകിയ ഉരുള്‍ 2020 ഓഗസ്റ്റ് ആറ് അര്‍ധരാത്രിയാണ് പെട്ടിമുടിയെ നാമാവശേഷമാക്കിയത്. അന്ന് കുഞ്ഞുങ്ങളും ഗര്‍ഭിണിയും ഉള്‍പ്പെടെ 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ നാല് പേരുടെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല.അതുവരെ കേരളം
കണ്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ആയിരുന്നു പെട്ടിമുടിയിലേത്. എന്നാലിന്ന് ചൂരല്‍മലയിലും മുണ്ടക്കൈയിലും അതിനേക്കാള്‍ വ്യാപ്തിയേറിയ ദുരന്തമാണ് ഉണ്ടായിട്ടുള്ളത്.പക്ഷെ ഈ രണ്ട് ദുരന്തങ്ങള്‍ക്കും സമാനതകളുണ്ട്. രണ്ടും തോട്ടം മേഖലയാണ്. ഒരു പ്രദേശത്തെയാകെ താറുമാറാക്കിയാണ് രണ്ടിടത്തും ഉരുള്‍പൊട്ടിയത്.
മൂന്നാര്‍ ടൗണില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ രാജമലക്ക് സമീപമുള്ള കെ ഡി എച്ച് പി കമ്പനിയുടെ എസ്റ്റേറ്റായിരുന്നു പെട്ടിമുടി. തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഉരുള്‍പൊട്ടലില്‍ പെട്ടിമുടിയില്‍ ഉണ്ടായിരുന്ന ലയങ്ങള്‍ ഒലിച്ചുപോയി. 22 കുടുംബങ്ങളിലായി 82 പേരാണ് ലയങ്ങളിലുണ്ടായിരുന്നത്. 12 പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ.
സംഭവസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള മല മുകളിലാണ് ഉരുള്‍പൊട്ടിയത്. കുതിച്ചെത്തിയ ഉരുള്‍ നിമിഷ നേരംകൊണ്ട് തൊഴിലാളി ലയങ്ങളെ മണ്ണിനടിയിലാക്കി. വൈദ്യുതിയും മൊബൈല്‍ സിഗ്‌നലും ഇല്ലാതിരുന്നതിനാല്‍ വളരെ വൈകിയാണ് ദുരന്തം പുറംലോകമറിഞ്ഞത്.
19 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പല മൃതദേഹങ്ങളും കിലോ മീറ്ററുകള്‍ അകലെ പുഴയില്‍നിന്നാണ് കണ്ടെത്തിയത്.
ദുരന്തം നടന്ന സ്ഥലത്തുനിന്ന് ഒരുകിലോമീറ്റര്‍ അകലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 66 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ടത്താന്‍ കഴിയാതിരുന്ന നാലു പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കുറ്റ്യാർ വാലിയിൽ ആറുമാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കി ദുരന്തബാധിതരെ പുനരധിവസിപ്പിച്ചു മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ പഠനം സർക്കാർ ഏറ്റെടുത്തു പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക മുഴുവനും നൽകി.അതെ സമയം കേന്ദ്രഗവൺമെൻ്റ് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ഇതുവരെ ദുരന്തബാധിതർക്ക് നൽകിയിട്ടില്ലാ.
മക്കളും മണ്ണടിച്ചലിൽ നഷ്ടമായപ്പോൾ വാർദ്ധക്യത്തിൽ അനാഥത്വം പേറേണ്ടി വന്ന മാതാപിതാക്കൾ. അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾ. എല്ലാം നഷ്ടപ്പെട്ട് ഒറ്റയ്ക്കായി പോയി ചിലർ. അവരെല്ലാം ഇന്ന് കേരളത്തിൻറെ കരുതലിൽ ജീവിതം തിരികെ പിടിക്കുമ്പോഴും മണ്ണടിഞ്ഞ സ്മശാന ഭൂമിയായി മാറിയ പെട്ടി മുടി ദുരന്തം പെയ്തിറങ്ങിയ കറുത്ത രാത്രി ഇന്നും ഓർമ്മയായി ഇവർക്കുള്ളിൽ ഇപ്പോളും ഉണ്ട്.