കുടുക്ക പൊട്ടിച്ചും കമ്മല്‍ വിറ്റും വയനാടിന്റെ കണ്ണീരൊപ്പി മാതൃകയാവുകയാണ് പത്തനംതിട്ടയിലെ കുട്ടിക്കൂട്ടങ്ങള്‍. ഈ കുരുന്നുകളുടെ കരുതലിനെക്കുറിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറല്‍ ആകുന്നു.ഈ നാട് വീണ്ടും വീണ്ടും എന്നെ അത്ഭുതപ്പെടുത്തുകയാണ്..
ഇങ്ങനെ തുടങ്ങുന്ന പോസ്റ്റാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലോകം തന്നെ കൈകോര്‍ക്കുകയാണ് വയനാടിനായി. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തങ്ങളുടെ സമ്പാദ്യം വയനാടിനെ തുന്നിച്ചേര്‍ക്കാനായി സമ്മാനിക്കുകയാണ്.
രണ്ട് ഗ്രാമിന്റെ പൊന്ന് വരെ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നവരുണ്ട്. അതുപോലെ പത്തനംതിട്ടയില്‍ നിന്ന് പിഞ്ചു ബാല്യത്തിന്റെ കരുണയുടേയും കരുതലിന്റേയും കഥ പങ്കുവയ്ക്കുകയാണ് ജില്ലാ കളക്ടര്‍.
കഴിഞ്ഞ ദിവസമാണ് എല്‍കെജി വിദ്യാര്‍ത്ഥിനി അനേയ അജിത്തും, അഞ്ചാം ക്ലാസുകാരി ശ്രേയ ശ്രീരാജും തങ്ങളുടെ വയനാടിനോടുള്ള സ്‌നേഹ ഹസ്തം നീട്ടിയത്. അനേയ കുടുക്ക പൊട്ടിച്ച തുകയും ശ്രേയ തന്റെ രണ്ട് ഗ്രാം വരുന്ന സ്വര്‍ണ്ണ കമ്മല്‍ വിറ്റു കിട്ടിയ 12,000 രൂപയാണ് ജില്ലാ കളക്ടറെ ഏല്‍പ്പിച്ചത്.
സ്‌നേഹത്തിന്റെയും മാനവികതയുടെയും മാതൃകകളാകുകയാണ് ഈ കുരുന്നുകളെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രവും കളക്ടര്‍ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.