തിരുവനന്തപുരം: നടുറോഡിൽ കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ പ്രതി പിടിയില്‍. ചെങ്കല്‍ സ്വദേശി മാജി എന്ന് വിളിക്കുന്ന രാഹുല്‍ (33) ആണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് രാഹുല്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒമ്നി വാനില്‍ കയറ്റി കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് രണ്ടരയോടെ പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമരവിളയിലാണ് സംഭവം. പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നടുറോഡില്‍ വച്ച് കെട്ടിപ്പിടിക്കുകയും തുടര്‍ന്ന് വാനില്‍ കയറ്റി ബൈപാസില്‍ കൊണ്ട് പോയി കത്തി എടുത്തു കുത്താന്‍ ശ്രമിച്ചുവെന്നുമാണ് യുവതി പറഞ്ഞത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ യുവതിയെ ഉപേക്ഷിച്ച് രാഹുല്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാഹുലുമായി അടുപ്പത്തില്‍ ആയിരുന്നെന്നും പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. 2020ല്‍ രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതോടെ യുവതി രാഹുലിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതിന്റെ വിരോധം ആണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.