എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവ സഞ്ചാരത്തിന് തൃശൂരില്‍ സ്വീകരണം നല്‍കി. വിവിധ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിലാണ് സാംസ്‌കാരിക നഗരിയില്‍ സ്വീകരണം നല്‍കിയത്.
പൗരാവകാശങ്ങളെ ജാതീയതയുടെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമം മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് നേരിടേണ്ടതുണ്ടെന്ന് മാനവ സംഗമം ഉദ്ഘാടനം ചെയ്ത റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. രാഷട്രീയാഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോഴും വിവിധ മതങ്ങളില്‍ വിശ്വസിക്കുമ്പോഴും മനുഷ്യന്‍ എന്ന ആശയത്തിലും ബന്ധത്തിലും ചേര്‍ന്നു നില്‍ക്കാന്‍ സാധിക്കണം.
ചൂരല്‍മലയിലെ ദുരന്തമുഖത്ത് നാം മനുഷ്യരെയാണ് കണ്ടതെന്നും തകര്‍ന്നടിഞ്ഞ വീടിനകത്തുനിന്നും ലഭിച്ച ആഭരണങ്ങള്‍ ഉടമക്ക് ഏല്‍പിക്കാന്‍ മനസ്സുകാട്ടുന്നവരുടെ നാടാണ് നമ്മുടെതെന്നും മന്ത്രി പറഞ്ഞു. അസ്വസ്ഥ മനസ്സുകളെ യോജിപ്പിക്കുന്നതില്‍ ഈ യാത്രക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. സാന്ത്വന പ്രവര്‍ത്തന രംഗത്ത് എസ് വൈ എസിന്റെ പ്രവര്‍ത്തനം ചൂരല്‍ മലയില്‍ താന്‍ നേരിട്ട് മനസ്സിലാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നഗരത്തില്‍ നടന്ന സൗഹൃദ നടത്തത്തില്‍ ഒട്ടേറെ പേർ അണിചേര്‍ന്നു. സംരംഭകരുമായി ഹയാത്ത് റീജന്‍സിയിലും യുവജന പ്രസ്ഥാന നേതാക്കളുമായി ശോഭാ സിറ്റിയിലെ ക്ലബ് ഹൗസിലും കൂടിക്കാഴ്ച നടത്തി. ടേബിള്‍ ടോക്ക്, മാധ്യമ വിരുന്ന്, സ്ഥാപന സന്ദര്‍ശനം, പ്രാസ്ഥാനിക സംഗമം തുടങ്ങിയവയും നടന്നു. പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. യാത്രാനായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി സംഗമത്തിനെ അഭിസംബോധന ചെയ്തു.