പ്രായാധിക്യം തളർത്താത്ത ആവേശത്തോടെ ഒരുകൂട്ടം വയോജനങ്ങൾ ഫാഷൻ റാമ്പിൽ ചുവടുവെച്ചു. ക്യാൻസറിനെ അതിജീവിച്ച് പുതുജീവിതത്തിലേക്ക് എത്തിയ അധ്യാപിക ബിന്ദു കളത്തുമാരത്ത് ഉൾപ്പെടെ 22 പേരാണ് കോഴിക്കോട് കോർപ്പറേഷന്റെ ഫാഷൻ ഷോ വേദിയിൽ എത്തിയത്. വയോജന സംഗമത്തിന്റെ ഭാഗമായി നവംബർ 15 വരെ വിവിധ പരിപാടികളാണ് കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ചിട്ടുള്ളത്.
കോഴിക്കോടിന്റെ കടൽ തിരമാലകൾ പോലും ആവേശത്താൽ അലയടിച്ചു. സായം സന്ധ്യയിൽ മിന്നിച്ചിമ്മിയ ദീപാലങ്കാരങ്ങളെ സാക്ഷിയാക്കി വയോധികരായ 22 പേർ ഫ്രീഡം സ്ക്വയറിലെ വേദിയിൽ ഫാഷൻ ലോകത്തേക്ക് ചുവടു വെക്കുന്നതിന്റെ സ്വാതന്ത്ര്യം എന്തെന്ന് തിരിച്ചറിഞ്ഞു. വാർദ്ധക്യം എന്നാൽ വിശ്രമ ജീവിതത്തിന്റെ കാലമാണെന്ന പഴഞ്ചൻ ധാരണ തിരുത്തുകയായിരുന്നു കോഴിക്കോട് കോർപ്പറേഷന്റെ വയോജന സംഗമത്തിൽ സംഘടിപ്പിച്ച വയോജനങ്ങളുടെ ഫാഷൻ ഷോ.
വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലും ഉള്ള വസ്ത്രങ്ങൾ അണിഞ്ഞ് മേക്കോവർ സ്റ്റൈലിൽ കോഴിക്കോടിന്റെ വയോജനങ്ങൾ ചുവടു വച്ചപ്പോൾ സദസ്സിൽ ഹർഷാരവം നിലയ്ക്കാതെ മുഴങ്ങി. കഴിഞ്ഞവർഷം ഇതേസമയം കാൻസർ ബാധിച്ച് കീമോതെറാപ്പി ചികിത്സയിലായിരുന്ന തനിക്ക് ഇത് പുതുജീവിതത്തിലേക്കുള്ള വഴി തുറക്കലാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് അധ്യാപികയും ചേവായൂർ സ്വദേശിനിയുമായ ബിന്ദു കളത്തുമാരത്ത് പറയുന്നു.
കൗമാരക്കാരെയും യുവജനങ്ങളെയും വെല്ലുന്ന ഊർജ്ജസ്വലതയോടെയാണ് 22 വയോജനങ്ങളും കോഴിക്കോട് കോർപ്പറേഷന്റെ ഫാഷൻ ഷോ വേദിയിൽ എത്തിയത്. പ്രായം എന്നാൽ ആഘോഷിക്കാനുള്ളത് കൂടിയാണെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാഴ്ചക്കാരുടെ ഹൃദയം കവർന്നാണ് 22 വയോജനങ്ങളും വേദിയിൽ നിന്ന് ഇറങ്ങിയത്. പ്രായം തളർത്താത്ത ആവേശത്തിന് കേരള വിഷൻ ന്യൂസിന്റെ ബിഗ് സല്യൂട്ട്.