ലോക്സഭയിലേക്ക് കന്നിയങ്കം കുറിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. വൈകിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക എത്തുക. നാളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരുടെയും സാന്നിധ്യത്തിൽ പ്രിയങ്ക പത്രിക സമർപ്പിക്കും.
പ്രിയങ്ക ഗാന്ധിയുടെ കന്നി തെരഞ്ഞെടുപ്പ് അങ്കത്തിൽ ചരിത്ര ഭൂരിപക്ഷം എന്നതാണ് കോൺഗ്രസും യുഡിഎഫും ലക്ഷ്യമിടുന്നത്. സ്ഥാനാർത്ഥി എന്ന നിലയിലുള്ള പ്രിയങ്കയുടെ മണ്ഡലത്തിലേക്കുള്ള ആദ്യ വരവ് മികവുറ്റതാക്കാനുള്ള ഒരുക്കം പാർട്ടിയും മുന്നണിയും പൂർത്തീകരിച്ചു കഴിഞ്ഞു.
നാളെ രാവിലെ 11 മണിയോടെ കൽപ്പറ്റയിൽ നിന്നും റോഡ് ഷോ ആയാണ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ കളക്ടറേറ്റിലേക്ക് എത്തുക. ഒപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പ്രസിഡന്റുമാരായ സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും മുതിർന്ന നേതാക്കളും ഉണ്ടാകും.
വയനാടിന്റെ മുൻ എംപി കൂടിയായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പ്രിയങ്കയെ വയനാടിന് പരിചയപ്പെടുത്തും. വയനാടിന്റെ വീഥികൾക്ക് പുറമെ ഡൽഹിയിലും പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ വ്യാപകമായി പതിച്ചിട്ടുണ്ട്. വയനാടിന്റെ പ്രിയങ്കരി എന്ന ശീർഷകത്തിലുള്ള പോസ്റ്ററാണ് എവിടെയും ചർച്ചയാകുന്നത്.
ഇത്തവണ 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. നാമനിർദ്ദേശപത്രിക്ക് സമർപ്പിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങുന്ന പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് വീണ്ടും മടങ്ങിയെത്തും. മണ്ഡലത്തിൽ തുടർച്ചയായി 10 ദിവസം തങ്ങി വോട്ടർമാരെ നേരിട്ട് കണ്ടു വോട്ട് അഭ്യർത്ഥിക്കും.
അതേസമയം പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുന്ന ഭൂരിപക്ഷം രാഹുൽഗാന്ധിക്ക് ലഭിച്ചതിനെക്കാൾ കുറയ്ക്കുക എന്ന ലക്ഷ്യമാണ് എൽഡിഎഫിനും എൻഡിഎയ്ക്കും ഉള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കിയിട്ടുണ്ട്. നിയോജകമണ്ഡലം തലത്തിലുള്ള സ്ഥാനാർത്ഥി പര്യടനവും അദ്ദേഹം തുടങ്ങി.
വയനാട് മണ്ഡലത്തിലെ പ്രചരണ ക്യാമ്പയിൻ എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസും ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. കരിന്തണ്ടനെ വണങ്ങിയാണ് ബിജെപി സ്ഥാനാർത്ഥിയായ നവ്യാ ഹരിദാസ് വയനാട്ടിലേക്ക് ചുവടുവെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ സ്വന്തമാക്കിയതിനെക്കാൾ വോട്ടു വിഹിതമാണ് നവ്യ പ്രതീക്ഷിക്കുന്നത്.