തൃശൂർ പൂരം കലക്കലില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിച്ചു. എഡിജിപി എച്ച്. വെങ്കിടേഷ് ആണ് സംഘത്തലവൻ. പൂരം കലക്കലിനു പിന്നിലെ ഗൂഢാലോചനയാണ് സംഘം അന്വേഷിക്കുക.
ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി. രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്‌പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ജയകുമാർ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ത്രിതല അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. പൂരം കലക്കലിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കുന്നതിനു പുറമെ വിവിധ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമും എഡിജിപിയുടെ വീഴ്ച പരിശോധിക്കാന്‍ ഡിജിപിയെയുമാണ് നിയോഗിച്ചത്. പൂരം കലക്കല്‍ ആദ്യം അന്വേഷിച്ച, എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ റിപ്പോർട്ട് സമഗ്രമല്ലായെന്ന് കാട്ടിയായിരുന്നു സർക്കാർ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്നും ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ നടന്നില്ലെന്നുമായിരുന്നു എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. എന്നാല്‍ പൂരം കലങ്ങിയതില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നായിരുന്നു വിവിധ രാഷ്ട്രീയ കക്ഷികളുടെ നിലപാട്.