ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൽ നടന്ന പണയ സ്വർണ്ണ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ മുൻ മാനേജർ പിടിയിൽ. മേട്ടുപ്പാളയം സ്വദേശി മധാ ജയകുമാറിനെയാണ് തെലങ്കാനയിൽ നിന്ന് പിടികൂടിയത്. ഇയാളെ നാളെ വടകരയിൽ എത്തിക്കും.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൽ 42 അക്കൗണ്ടുകളിലായി പണയം വെച്ച 26.24 കിലോ സ്വർണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് തെലങ്കാനയിൽ പിടിയിലായ മധ ജയകുമാർ. തട്ടിപ്പ് കണ്ടെത്തിയപ്പോൾ തന്നെ ഒളിവിൽ പോയ പ്രതിക്കായി വടകര പൊലീസ് ഊർജിത അന്വേഷണം നടത്തി വരികയായിരുന്നു.
ഇയാൾ മുങ്ങിയത് സംബന്ധിച്ച വിവരം രാജ്യത്തെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും അന്വേഷണസംഘം അറിയിച്ചിരുന്നു. അതിനിടെയാണ് തെലങ്കാന പൊലീസ് പ്രതിയെ പിടികൂടിയത്.
ഇയാളെ നാളെ വടകരയിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞമാസം സ്ഥലംമാറ്റം നടപടിയുടെ ഭാഗമായി മധ ജയകുമാറിന് പകരം എത്തിയ മാനേജർ റീ അപ്രൈസൽ നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
അന്വേഷണ പുരോഗമിക്കുന്നതിനിടെ ഒളിവിൽ നിന്നും മധ ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. താൻ മുങ്ങിയതല്ലെന്നും വടകരയിൽ നിന്നും അവധിയെടുത്ത് പോയതാണെന്ന് മുഖ്യപ്രതി ആ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
സോണൽ മാനേജരായ അരുണിന്റെ നിർദ്ദേശപ്രകാരമാണ് സ്വർണം പണയം വെച്ചതെന്നും മധ ജയകുമാർ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. അത്തരം കാര്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് നീങ്ങവേയാണ് മുൻ മാനേജർ പിടിയിലാകുന്നത്.