അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. സിപിഐഎം നേതാക്കളടക്കം 14 പേര്‍ കുറ്റക്കാര്‍. നാല് പേരെ വെറുതെ വിട്ടു. കേസില്‍ സിബിഐ കോടതി 30 ന് ശിക്ഷവിധിക്കും.
തിരുവനന്തപുരം സിബിഐ കോടതിയാണ് അഞ്ചല്‍ ഏരൂരില്‍ ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിന്റെ വിധി പ്രസ്താവിച്ചത്.സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് കൊല്ലത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പ്രതിയായകേസിന്റെ വിധി പറയുന്നത്.
2010 ഏപ്രിൽ 10നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. വീട്ടിനുള്ളിൽ കയറി മക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന രാമഭദ്രനെ സിപിഎം പ്രവർത്തകർ വെട്ടികൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.
ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കാട്ടി രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐയിൽ എത്തിയത്.
2019 ൽ, 19 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ ഒരു പ്രതി മരിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായവരും ഗൂഢാലോചനക്കും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതി ചേർത്തത്.
കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജയമോഹൻ, മുൻ അഞ്ചൽ ഏര്യാ സെക്രട്ടറി പി.എസ്.സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ, മാർക്സൺ എന്നിവർ പ്രതികളാണ്. മുൻ മന്ത്രി മേഴ്സികുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് മാർക്സൺ, കേസിൽ നാല് പേരെ വെറുതെ വിട്ടു. ഈ മാസം 30 ന് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കും.