കൂത്താട്ടുകുളത്ത് അപൂര്‍വയിനം പറക്കുന്ന അണ്ണാന്‍ കുഞ്ഞിനെ കണ്ടെത്തി. കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് സമീപം രാമചന്ദ്രന്‍ നായരുടെ പുരയിടത്തിലാണ് അണ്ണാനെ കണ്ടെത്തിയത്. അണ്ണാന്‍ വര്‍ഗത്തില്‍ പെട്ട പറക്കുന്നതും പാലൂട്ടുന്ന ഇനവുമായ ഇവ പാറാന്‍ എന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഇവയ്ക്ക് പക്ഷികളെയും വവ്വാലുകളെയും പോലെ പറക്കാനാകില്ല.
ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേയ്ക്കാണ് ഇവ പറക്കുന്നത്. മരപ്പൊത്തുകളിലും കനം കൂടിയ ഇലകള്‍ക്കടിയിലും വസിക്കുന്ന ഇവ പകല്‍ പുറത്തിറങ്ങാറില്ല. രാത്രി മാത്രമാണ് സഞ്ചാരം. മരപ്പട്ടകളും ഇലകളുമാണ് ഭക്ഷണം. ഏറെ നേരവും വനത്തിനുള്ളില്‍ തന്നെ കഴിയുന്ന ഇവ മനുഷ്യസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ എത്താറാറില്ല. വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചുമതലയുള്ള മൂവാറ്റുപുഴ സ്വദേശി ഷാജി സ്ഥലത്ത് എത്തി അണ്ണാനെ പിടികൂടി. വനത്തില്‍ തുറന്നു വിടും.