Share this Article
പുഴു ശല്യം രൂക്ഷം; പുഴുക്കളെ പേടിച്ചു പുറത്തിറങ്ങാന്‍ കഴിയാതെ പ്രദേശവാസികള്‍
Worm

കുട്ടനാട്ടിലെ ചമ്പക്കുളം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പുഴു ശല്യം രൂക്ഷം. പുഴുക്കളെ പേടിച്ചു പുറത്തിറങ്ങാന്‍ പോലും ആവാതെ വിഷമിക്കുകയാണ് പ്രദേശവാസികള്‍. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇവയെ തുരത്താന്‍ കഴിയുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു

ചൊറിയന്‍ പുഴു എന്നും, ആട്ടാം പുഴു എന്നും തുടങ്ങി പല പേരിലറിയപ്പെടുന്ന ഇത്തിരി കുഞ്ഞന്‍ പുഴുക്കള്‍ മനുഷ്യര്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അത്ര ചെറുതല്ല. ഒരെണ്ണം ഒന്ന് ശരീരത്ത് തട്ടിയാല്‍ തന്നെ അസഹ്യമായ ചൊറിച്ചിലാണ് അനുഭവപ്പെടുക.

ഇത്തരത്തില്‍ പുഴു ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ചമ്പക്കുളം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മങ്കൊമ്പ് തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിക്ക് സമീപത്തെ കുറച്ചു കുടുംബങ്ങള്‍.

മതിലിലും, വേലിയിലും, മുറ്റം തൂക്കാന്‍ എടുക്കുന്ന ചൂലിലും തുടങ്ങി കതകുകളും ജനാലകളും തുറന്നിട്ടാല്‍ വീടിനകത്ത് പോലും പുഴുക്കള്‍ എത്തും. കുട്ടികള്‍ സ്‌കൂളിവല്‍ പോകുന്നത് വരെ കുട ചൂടിയും തലയില്‍ തുണിയിട്ടുമൊക്കെയാണ്.

നാലാം വാര്‍ഡില്‍ നിന്ന് കുരിശടിയിലെ ബസ്റ്റോപ്പിലേക്ക് പോകുന്നവരും മങ്കൊമ്പ് ജംഗ്ഷനിലേക്ക് യാത്ര ചെയ്യുന്നവരും ഈ വഴിയെ ആണ് ആശ്രയിക്കുന്നത്. സര്‍ക്കസ്സുകാരെ പോലെ തൂങ്ങിയാടുന്ന പുഴുക്കള്‍ അറിയാതെ എങ്ങാനും മുഖത്ത് തട്ടിയാല്‍ പിന്നെ പറയാനില്ല.

പുഴു ശല്യം  രൂക്ഷമായതോടെ പ്രദേശവാസികള്‍ കീടനാശിനികള്‍ തളിക്കുന്നുണ്ട്. എന്നാല്‍ മഴ ഒന്ന് പെയ്തു മാറിയാല്‍ വീണ്ടും ഇവ വര്‍ദ്ധിക്കുകയാണ്. തങ്ങള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇവയെ തുരത്താന്‍ ആവുന്നില്ലെന്നും പഞ്ചായത്ത് ഇക്കാര്യത്തില്‍ ഇടപെട്ട് എന്തെങ്കിലും ഒരു വഴി കാണണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories